കളമശേരി സ്ഫോടനം; പ്രതി ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി, നാളെ കോടതിയിൽ ഹാജരാക്കുമെന്ന് സൂചന

Monday 30 October 2023 7:16 PM IST

കൊച്ചി: കളമശേരി സ്ഫോടന കേസിലെ പ്രതി ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. യു എ പി എ, സ്ഫോടക വസ്തു നിയമം, കൊലപാതകം, വധശ്രമം, ഗൂഢാലോചന തുടങ്ങിയ വിവിധ വകുപ്പുകൾ ചുമത്തിയാണ് അന്വേഷണ സംഘം മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പൊലീസിന്റെ ഉന്നത തല യോഗത്തിന് ശേഷമായിരുന്നു നടപടി. കളമശേരി ക്രെെംബ്രാഞ്ച് ഓഫീസിന് സമീപമുള്ള എ ആർ ക്യാമ്പിലാണ് മാർട്ടിനെ ഇപ്പോൾ കസ്റ്റഡിയിൽ വച്ചിരിക്കുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കാനുള്ള സാദ്ധ്യത കുറവാണെന്നാണ് സൂചന. നാളെ രാവിലെയോടെയായിരിക്കും കോടതിയിൽ ഹാജരാക്കുക.

ഇന്നലെ രാവിലെയാണ് ക​ള​മ​ശ്ശേ​രി​യി​ലെ​ ​സാ​മ്ര​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​റി​ൽ സ്ഫോടനം ഉണ്ടായത്. ഇതിന് പിന്നാലെ ബോംബുവച്ചത് താൻ ആണെന്ന് അവകാശപ്പെട്ട് മാർട്ടിൻ തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. ഫേസ്ബുക്ക് വീഡിയോയിലൂടെ ഇക്കാര്യം മാർട്ടിൻ പറയുകയും ചെയ്തിരുന്നു. താൻ പതിനാറ് വർഷമായി ഇതേ സഭയിലെ വിശ്വാസിയാണ്. യഹോവ സാക്ഷികൾ രാജ്യദ്രോഹപരമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നു എന്ന് വർഷങ്ങൾക്കുമുമ്പ് ബോദ്ധ്യപ്പെട്ടതാണ്. തിരുത്തണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും അത് ഉണ്ടായില്ല. ഇതിനെതിരെ തന്നെപ്പോലുള്ളവർ പ്രതികരിക്കും എന്നാണ് കീഴടങ്ങുന്നതിന് തൊട്ടുമുമ്പ് പുറത്തുവിട്ട വീഡിയോയിൽ മാർട്ടിൻ പറഞ്ഞത്.

തുടർന്ന് തെളിവുകൾ പരിശോധിച്ച പൊലീസ് പ്രതി ഇയാൾ തന്നെന്ന് സ്ഥിരീകരിക്കുകയായിരുന്നു. റിമോട്ട് ഉപയോഗിച്ച് ബോംബ് ട്രിഗർ ചെയ്യുന്ന ദൃശ്യങ്ങൾ മാർട്ടിന്റെ മൊബെെലിൽ നിന്ന് ലഭിച്ചിരുന്നു. പ്രതി സ്ഫോടക വസ്തു വാങ്ങിയ കടകളെക്കുറിച്ച് പൊലീസിനോട് പറഞ്ഞു. ബോംബ് ഉണ്ടാക്കാൻ പഠിച്ചത് ഇന്റർനെറ്റ് വഴിയാണെന്നും മാർട്ടിൻ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിനിടെയാണ് ഇപ്പോൾ മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇപ്പോഴും കളമശേരിയിലെ എ ആര്‍ ക്യാമ്പില്‍ ഡൊമിനിക് മാര്‍ട്ടിനെ ചോദ്യം ചെയ്തുവരുകയാണ്. സംസ്ഥാന പൊലീസ്, എൻ ഐ എ, എൻ എസ് ജിതുടങ്ങിയ ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥർ കൊച്ചിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. മാർട്ടിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നാണ് പൊലീസ് കൂടുതൽ അന്വേഷിക്കുന്നത്.

യഹോ​വ​യു​ടെ​ സാ​ക്ഷി​ക​ളു​ടെ​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​ന​ട​ക്ക​വേ​ ​ഹാ​ളി​നു​ള്ളി​ൽ​ ​സ്ഥാപിച്ച​ ​മൂ​ന്നു​ ​ബോം​ബു​കൾ സെ​ക്ക​ൻ​ഡു​ക​ളു​ടെ​ ​വ്യ​ത്യാ​സ​ത്തി​ൽ​ ​പൊ​ട്ടി​ത്തെ​റി​ച്ച് ​തീ​ ​പ​ട​രു​ക​യാ​യി​രു​ന്നു. സംഭവത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പെരുമ്പാവൂർ കുറുപ്പുംപടി ഇരിങ്ങോൾ വട്ടോളിപ്പടി പരേതനായ പുളിക്കൽ പൗലോസിന്റെ ഭാര്യ ലെയോണ (55 ), തൊടുപുഴ കാളിയാർ കുളത്തിങ്കൽ വീട്ടിൽ കുമാരി പുഷ്പൻ ( 53 ), മലയാറ്റൂർ കടുവൻകുഴി വീട്ടിൽ പ്രദീപിന്റെ മകൾ ലിബിന ( 12 ) എന്നിവരാണ് മരിച്ചത്. മരിച്ചവരിലൊരാൾ ലെയോണയാണെന്ന് രാത്രി ഏറെ വൈകിയാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. നിരവധി പേർ‌ ചികിത്സയിലുണ്ട്.