തായ്‌ലൻഡിൽ പോകാൻ കാത്തിരുന്നവ‌ർക്ക് സന്തോഷവാ‌ർത്ത; ഇന്ത്യയിൽ നിന്നുള്ളവർക്ക് വിസ ഒഴിവാക്കി

Tuesday 31 October 2023 3:17 PM IST

ബാങ്കോക്ക്: ഇന്ത്യയിൽ നിന്നെത്തുന്നവർക്കുള്ള വിസ തായ്‌ലൻഡ് ഒഴിവാക്കുന്നു. അടുത്തമാസം മുതൽ 2024 മേയ് വരെയാണ് വിസയില്ലാതെ തന്നെ തായ്‌ലൻഡിലേയ്ക്ക് പോകാൻ ഇന്ത്യക്കാർക്ക് അവസരം ഒരുങ്ങുന്നത്. തായ്‌വാനിൽ നിന്നുള്ളവർക്കും ഈ അവസരം ഉപയോഗിക്കാമെന്ന് തായ്‌ലൻഡിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനാണ് നടപടി. കഴിഞ്ഞ സെപ്‌തംബറിൽ ചൈനീസ് വിനോദസഞ്ചാരികൾക്കുള്ള വിസ നടപടികളും തായ്‌ലൻഡ് ഒഴിവാക്കിയിരുന്നു. സർക്കാരിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം 2023 ജനുവരി മുതൽ ഒക്ടോബ‌‌ർ 29 വരെ തായ്‌ലാൻഡിൽ എത്തിയത് 22 ദശലക്ഷം സന്ദ‌ർശകരാണ്. ഇതിലൂടെ 25.67 ബില്യൺ ഡോളറാണ് സർക്കാരിന് വരുമാനം ലഭിച്ചത്.

ഇന്ത്യയിൽ നിന്നും തായ്‌വാനിൽ നിന്നും എത്തുന്നവർക്ക് 30 ദിവസമാണ് തായ്‌ലൻഡിൽ ചെലവഴിക്കാൻ അനുമതിയുള്ളത്. തായ്‌ലൻഡിൽ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ നാലാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. 1.2 ദശലക്ഷം ആളുകളാണ് ഈ വർഷം മാത്രം ഇന്ത്യയിൽ നിന്ന് തായ്‌ലൻഡിൽ എത്തിയത്. മലേഷ്യ, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ക്രിസ്‌മസ്, പുതുവ‌‌ർഷ അവധിക്കാലം എത്തുന്നതിനാൽ ഈ വർഷം മാത്രം 28 ദശലക്ഷം സന്ദ‌‌ർശകരെയാണ് തായ്‌ലൻഡ് പ്രതീക്ഷിക്കുന്നത്.

അതേസമയം, ഇന്ത്യയെ തായ്‌ലൻഡുമായും മ്യാൻമറുമായും റോഡുമാർഗം ബന്ധിപ്പിക്കുന്ന ത്രിരാഷ്‌ട്ര പാതയുടെ നി‌ർമാണം അവസാന ഘട്ടങ്ങളിലേയ്ക്ക് കടക്കുകയാണ്. മണിപ്പൂരിലെ മോറെയെ മ്യാൻമർ വഴി തായ്‌ലൻ‌ഡിലെ മേ സോട്ടുമായാണ് ബന്ധിപ്പിക്കുന്നത്. 1400 കീലോമീറ്ററാണ് ദേശീയപാതയുടെ നീളം. 2027ഓടെ പാത പൂർത്തിയാകുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. മൂന്നുരാജ്യങ്ങളും തമ്മിലുള്ള ടൂറിസം, വ്യാപാരം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ത്രിരാഷ്ട്ര പാതയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.