വിവാഹബന്ധം വേർപെടുത്തിയതായി വെളിപ്പെടുത്തി സച്ചിൻ; നാമനിർദ്ദേശപത്രികയിലെ വിവരം ഇവയെല്ലാം
ജയ്‌പൂർ: താൻ വിവാഹമോചിതനാണെന്ന് വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നൽകിയ നാമനിർദ്ദേശ പത്രികയിലാണ് തന്റെ ഭാര്യയുടെ പേരെഴുതേണ്ട കോളത്തിൽ 'വിവാഹമോചിതൻ" എന്ന് സച്ചിൻ രേഖപ്പെടുത്തിയിരിക്കുന്നത്. ടോംഗ് മണ്ഡലത്തിൽ നിന്നാണ് സച്ചിൻ ജനവിധി തേടുക.
ജമ്മു കാശ്‌മീർ മുൻ മുഖ്യമന്ത്രിയും ജമ്മു കാശ്‌മീർ നാഷണൽ കോൺഫറൻസ് മുൻ അദ്ധ്യക്ഷനുമായ ഫാറൂഖ് അബ്‌ദുള്ളയുടെ മകൾ സാറ അബ്ദുള്ളയെയാണ് സച്ചിൻ വിവാഹം ചെയ്‌തിരുന്നത്. 2004ലായിരുന്നു ഇത്. ഇവർക്ക് രണ്ട് മക്കളുണ്ട്. നവംബർ 25നാണ് രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് നടക്കുക. ടോംഗിൽ ഇതുവരെ സച്ചിനെതിരെ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. 54,179 വോട്ടിനാണ് 2018ൽ സച്ചിൻ ഇവിടെനിന്നും വിജയിച്ചത്. പിന്നീട് ഉപ മുഖ്യമന്ത്രിയായി.
അതേസമയം ആസ്‌തിയിൽ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് സച്ചിന് ഇരട്ടിയോളം വർദ്ധനയാണ് ഉണ്ടായത്. 2018ൽ 3.8 കോടി രൂപ ആസ്‌തിയായി കാണിച്ചിരുന്നെങ്കിൽ 2023ൽ അത് 7.5 കോടിയായി. ഡിസംബർ മൂന്നിനാണ് രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക.