എറണാകുളത്ത് അന്യമതസ്ഥനെ പ്രണയിച്ചതിന് പതിനാലുകാരിയെ ക്രൂരമായി കൊല്ലാൻ ശ്രമിച്ച് പിതാവ്, നില ഗുരുതരം

Wednesday 01 November 2023 4:17 PM IST

കൊച്ചി: അന്യമതസ്ഥനെ പ്രണയിച്ചതിന് പതിനാലുകാരിയെ പിതാവ് ക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് റിപ്പോർട്ട്. ആലുവയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.പ്ലസ് വൺകാരനുമായി പെൺകുട്ടിയുടെ അടുപ്പമറിഞ്ഞ പിതാവ് ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കഴിഞ്ഞദിവസം ഒരു മൊബൈൽ ഫോൺ പെൺകുട്ടിയുടെ പക്കൽ നിന്ന് കണ്ടെടുത്തിരുന്നു. ഇതിനെച്ചൊല്ലിയുള്ള വാക്കേറ്റത്തിനൊടുവിലാണ് പെൺകുട്ടിയെ മർദ്ദിച്ചതെന്നാണ് റിപ്പോർട്ട്.

കുട്ടിയുടെ ശരീരമാസകലം കമ്പിവടികൊണ്ട് ക്രൂരമായി മർദ്ദിക്കുകയും വായിൽ ബലംപ്രയോഗിച്ച് വിഷം ഒഴിച്ചുകൊടുക്കുകയുമായിരുന്നു. വിഷം ഒഴിച്ചുകൊടുത്ത് അല്പം കഴിഞ്ഞതോടെ ഛർദ്ദിക്കാൻ തുടങ്ങിയ പെൺകുട്ടിയെ പിതാവ് തന്നെയാണ് ആശുപത്രിയിലാക്കിയത്. വിഷക്കുപ്പിയുടെ അടപ്പ് പെൺകുട്ടി കടിച്ചുതുറന്നപ്പോൾ വിഷം ഉള്ളിൽപ്പോയി എന്നാണ് പിതാവ് ആശുപത്രിയിൽ പറഞ്ഞിരുന്നത്. എന്നാൽ ബലംപ്രയോഗിച്ച് പിതാവ് വിഷം കുടിപ്പിക്കുകയായിരുന്നു എന്നാണ് പെൺകുട്ടി മൊഴി നൽകിയത്. തുടർന്നാണ് പിതാവിനെ ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റുചെയ്തത്. ഉടൻ കോടതിയിൽ ഹാജരാക്കും. പെൺകുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട‌്.