ഒഡീഷ സ്വദേശിയുടെ കൊലപാതകം: പ്രതിയെ വെറുതേവിട്ടു
Friday 03 November 2023 3:55 AM IST
കൊച്ചി: ഒഡീഷ സ്വദേശി കൈലാഷ് കൊല്ലപ്പെട്ട സംഭവത്തിൽ വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച അതേ നാട്ടുകാരനായ കൃഷ്ണ നായിക്കിനെ ഹൈക്കോടതി വെറുതേവിട്ടു. 2015 മേയ് മൂന്നിന് എറണാകുളത്ത് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കൈലാഷ് ആശുപത്രിയിലാണ് മരിച്ചത്. കൂടെ താമസിച്ചിരുന്ന പ്രതിയുമായുണ്ടായ വാക്കുതർക്കത്തിൽ കുത്തേറ്റതായാണ് കേസ്. 16 സാക്ഷികളെ വിസ്തരിച്ചാണ് സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷൻ തെളിവുകൾ ശിക്ഷിക്കാൻ പര്യാപ്തമല്ലെന്നു വ്യക്തമാക്കിയ ജസ്റ്റിസ് പി. ബി. സുരേഷ്കുമാർ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് സംശയത്തിന്റെ ആനുകൂല്യം നൽകി പ്രതിയെ വിട്ടയയ്ക്കുകയായിരുന്നു.