മലയാളിയുടെ വിവാഹധൂർത്ത് പാവങ്ങളെ വേദനിപ്പിക്കുന്നു: അനിതാ നായർ

Friday 03 November 2023 6:04 PM IST

തിരുവനന്തപുരം: മലയാളിയുടെ വിവാഹധൂർത്ത് പാവപ്പെട്ടവർക്ക് വേദനയായി മാറുകയാണെന്ന് പ്രശസ്ത ഇന്ത്യ - ഇംഗ്ളീഷ് എഴുത്തുകാരി അനിതാ നായർ. നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി എഴുത്തുകാരിയുമായുള്ള മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ . ലളിതമായിരുന്ന കേരളത്തിലെ വിവാഹങ്ങൾ ഇന്ന് ആഡംബരപൂർണമായി മാറി. ഹൽദി, സംഗീത് എന്നിങ്ങനെ എത്രയെത്ര ചടങ്ങുകളാണിപ്പോൾ. നാട്ടുകാരെ ബോധിപ്പിക്കാൻ പാവപ്പെട്ടവരും വലിയ വിവാഹച്ചടങ്ങുകൾ സംഘടിപ്പിക്കുന്നു. കടംവാങ്ങി വിവാഹം നടത്തുന്നവരോട് താൻ ചോദിച്ചിട്ടുണ്ട്, ഇതിന്റെയൊക്കെ ആവശ്യമെന്താണെന്ന്. നാട്ടുകാരെ കാണിക്കാൻ വിവാഹം നടത്തിയാൽ ഈ കടങ്ങളൊക്കെ നാട്ടുകാർ വീട്ടുമോ? പാവപ്പെട്ട വീടുകളിലെ ഗൃഹനാഥന്മാരാണ് കഷ്ടപ്പാടിലാകുന്നത്.


വള്ളുവനാടൻ ഭാഷ സംസാരിക്കുന്ന തനിക്ക് തകഴിയുടെ ചെമ്മീൻ തർജ്ജമ ശ്രമകരമായിരുന്നുവെന്ന് അനിത പറ‌ഞ്ഞു . മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിൽ നടക്കുന്ന കഥയല്ലേ. പല വാക്കുകളുടേയും ശരിക്കുള്ള മലയാളത്തിനായി കേരളകൗമുദിയിലെ അസോസിയേറ്റ് എഡിറ്റർ വി.എസ് രാജേഷ് ധാരാളം സഹായിച്ചു.

മുണ്ടക്കോട്ടുകുറിശി എന്ന തന്റെ ഗ്രാമത്തിൽ ലോകകപ്പിന്റെ ഫ്ളക്സ് ബോർഡുകളുണ്ട്. മൈതാനങ്ങളിൽ ആൺകുട്ടികൾ ഫുട്ബോൾ കളിക്കുന്നു. പെൺകുട്ടികൾ ഫുട്ബോൾ കളിക്കണമെന്ന് ആഗ്രഹിച്ചാൽ പോലും അത് സാധിക്കുമോ? ഈ ചിന്തയിൽ നിന്നാണ് ബിപ്പാത്തു ആൻഡ് എ വെരി ബിഗ് ഡ്രീം എന്ന കൃതിയുടെ പിറവി. യാഥാസ്ഥിതിക മുസ്ളിം കുടുംബത്തിലെ അംഗമായ ബിപാത്തു ഇവിടെ ഫുട്‌ബാൾ കളിക്കുന്നു. സെറിബ്രൽ പാൾസി ബാധിതനായ സഹോദരനുൾപ്പെട്ട കുടുംബത്തിൽ നിന്നാണ് അവൾ വരുന്നത്. ഒരു പെൺകുട്ടിയുടെ ആഗ്രഹങ്ങൾക്കുമേലുള്ള വിലക്കുകളെക്കുറിച്ചും ഈ കൃതി പറയുന്നു. പാവപ്പെട്ട കുടുംബത്തിൽ നിന്നുള്ള അംഗമാണെന്നതും അവളുടെ പരിമിതിയാണ്. ഇതിനൊക്കെ മേലെയും ഒരു സ്വപ്നമുണ്ടെങ്കിൽ അത് വിജയിക്കും എന്ന് കാട്ടിത്തരുന്നു ബിപാത്തുവിന്റെ അനുഭവമെന്നും അനിതാ നായർ പറഞ്ഞു.

Advertisement
Advertisement