അൻപതോളം വിദ്യാർത്ഥിനികൾക്ക് നേരെ ലെെംഗിക പീഡനം; സർക്കാർ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

Sunday 05 November 2023 6:50 PM IST

ചണ്ഡീഗഢ്: അൻപതോളം വിദ്യാർത്ഥിനികൾക്ക് നേരെ ലെെംഗികാതിക്രമം നടത്തിയ സർക്കാർ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ ഹരിയാനയിലെ ജിന്ദ് ജില്ലയിലെ സർക്കാർ സ്കൂൾ പ്രിൻസിപ്പലിനെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ പ്രിൻസിപ്പൽ ഒളിവിൽപോയിരുന്നു. അഞ്ചുദിവസമായി ഒളിവിലായിരുന്ന ഇയാളെ ഇന്നലെയാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ആവശ്യപ്പെടുമെന്ന് പൊലീസ് പറഞ്ഞു.

അറുപതോളം വിദ്യാർത്ഥിനികളിൽ നിന്ന് പ്രിൻസിപ്പലിനെതിരെ വനിതാ കമ്മിഷന് രേഖാമൂലം പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതിൽ അൻപതോളം വിദ്യാർത്ഥികൾ പ്രിൻസിപ്പലിന്റെ ലെെംഗികാതിക്രമത്തെക്കുറിച്ചാണ് പരാതി നൽകിയത്. ഓഫീസിൽ വിളിച്ച് വരുത്തിയ ശേഷം പ്രതി ലെെംഗികാതിക്രമം നടത്തിയെന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തൽ. പ്രിൻസിപ്പലിന്റെ ഇത്തരം ചൂഷണങ്ങൾ തങ്ങൾക്കറിയാമെന്നാണ് മറ്റ് വിദ്യാർത്ഥികളുടെ പരാതിയിൽ സൂചിപ്പിച്ചിരുന്നത്.

വിദ്യാർത്ഥികളുടെ പരാതിയെത്തുടർന്ന് ആരോപണവിധേയനായ പ്രിൻസിപ്പലിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പോക്സോ ഉൾപ്പെടെ ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു. എന്നാൽ പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവിൽ പോയി. തുടർന്ന് പ്രതിയെ പിടികൂടാൻ അഞ്ചംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വിദ്യാർത്ഥിനികൾ പ്രധാനമന്ത്രിയുടെ ഓഫീസിലും കത്തയച്ചതായാണ് വിവരം.