ആർ ഡി എക്സിന് ശേഷം ഷെയ്ൻ നിഗം - മഹിമ നമ്പ്യാർ താരജോഡി വീണ്ടും ഒന്നിക്കുന്നു,​ ലിറ്റിൽ ഹാർട്സിന്റെ വിശേഷം പങ്കുവച്ച് താരങ്ങൾ

Sunday 05 November 2023 7:48 PM IST

ഓണം റിലീസായെത്തി സൂപ്പർഹിറ്റായ ആർ.ഡി.എക്സിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡിയായ ഷെയ്ൻ നിഗമും മഹിമ നമ്പ്യാരും വീണ്ടും ഒന്നിക്കുന്നു. ലിറ്റിൽ ഹാർ‌ട്സ് എന്ന ചിത്രത്തിലാണ് ഷെയ്‌നിന്റെ നായികയായി മഹിമ വീണ്ടും എത്തുന്നത്. ഇതിന്റെ സന്തോഷം ഷെയ്ൻ നിഗം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. "ആർ.ഡി.എക്സിന് ശേഷം ഞാനും മഹിമയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലിറ്റിൽ ഹാർട്‌സ്.

ആത്മബന്ധങ്ങളുടെ കഥ പറയുന്ന ഈ സിനിമ നിങ്ങൾ ഏവർക്കും പ്രിയപ്പെട്ടതായിതീരുമെന്ന് ഞാൻ കരുതുന്നു..." ഷെയ്ൻ കുറിച്ചു. ജയറാം- ശോഭന,​ മോഹൻലാൽ- ഉർവശി,​ മമ്മൂട്ടി- സുഹാസിനി എന്നീ താരജോഡികൾ പോലെ ഉയരങ്ങളിലേക്ക് എത്തട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്.

എബി ട്രീസ പോൾ,​ ആന്റോ ജോസ് പെരേര എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിറ്റിൽ ഹാർ‌ട്സ്. സാന്ദ്ര തോമസ് പ്രൊഡക്ഷൻ ആണ് നിർമ്മാണം.. ഷെയ്ൻ നിഗം നായകനാകുന്ന ചിത്രത്തിൽ ഷൈൻടോം ചാക്കോ,​ ധ്യാൻ ശ്രീനിവാസൻ,​ ബാബുരാജ്,​ ചെമ്പൻ വിനോദ് ജോസ്,​ ജാഫർ ഇടുക്കി,​ രഞ്ജി പണിക്കർ,​ അനഘ,​ മാലാ പാർവതി,​ രമ്യ സുവി,​ പൊന്നമ്മ ബാബു,​ പ്രാർത്ഥന സന്ദീപ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

അതേസമയം ആന്റണി വർഗീസ് ,​ നീരജ് മാധവ്,​ ഷെയ്ൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ആർ.ഡി.എക്സ് നൂറു കോടി ക്ലബിലും ഇടം നേടിയിരുന്നു. നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിലെ ഷെയ്‌നിന്റെയും മഹിമയുടെയും ഗാനരംഗം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഹിറ്റായിരുന്നു. ലാൽ,​ ബാബു ആന്റണി,​ മാലാപാർവതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തി.