'ഞാൻ സ്കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് ഇത് സംഭവിച്ചതെങ്കിലോ?'; ഡീപ് ഫേക്ക് വീഡിയോയിൽ പ്രതികരണവുമായി രശ്മിക മന്ദാന

Monday 06 November 2023 8:34 PM IST

കഴിഞ്ഞ ദിവസം നടി രശ്മിക മന്ദാനയുടെതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഡീപ് ഫേക്ക് വീഡിയോയെ കുറിച്ച് പ്രതികരിച്ച് താരം രംഗത്ത്. ലിഫ്റ്റിൽ കയറുന്ന ഒരു പെൺകുട്ടിയുടെ മുഖം രശ്മികയുടെ മുഖമാക്കി കൃത്രിമമായി ചെയ്തെടുത്ത വീഡിയോയാണ് പ്രചരിച്ചത്. ഇത്തരമൊരു വിഷയത്തിൽ പ്രതികരിക്കേണ്ടി വന്നത് തീർത്തും വേദനാജനകമാണെന്നായിരുന്നു രശ്മികയുടെ പ്രതികരണം.

സംഭവത്തിൽ നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ട് അമിതാഭ് ബച്ചൻ അടക്കമുള്ളവർ രംഗത്തെത്തിയതിന് പിന്നാലെയാണ് ഇപ്പോൾ രശ്മിക പ്രതികരിച്ചിരിക്കുന്നത്.

'ഓൺലെെനിൽ പ്രചരിക്കുന്ന ഡീപ് ഫേക്ക് വീഡിയോയെ കുറിച്ച് അതിയായ വേദനയോടെയാണ് ഞാൻ പ്രതികരിക്കുന്നത്. സാങ്കേതിക വിദ്യയുടെ ഇത്തരം ദുരുപയോഗം ഏറെ ഭയപ്പെടുത്തുന്നുണ്ട്. ഒരു സ്ത്രീയെന്ന നിലയിലും ഒരു അഭിനേതാവ് എന്ന നിലയിലും എന്നെ സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും ഞാൻ എന്റെ നന്ദി അറിയിക്കുന്നു. എന്നാൽ താൻ സ്കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് ഇത്തരമൊരു സംഭവം ഉണ്ടായതെങ്കിൽ അതിനെ എങ്ങനെ നേരിടുമെന്ന് സങ്കൽപ്പിക്കാൻ പോലും ആകുന്നില്ല. ഇത്തരം ആക്രമണങ്ങൾ കൂടുതൽ പേരെ ബാധിക്കുന്നതിന് മുൻപ് ഇതിനെതിരെ പ്രതികരിക്കണം. അല്ലെങ്കിൽ സമൂഹത്തിൽ അത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.' എന്ന് രശ്മിക തന്റെ എക്സ് പേജിൽ കുറിച്ചു.

സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക് ആൻഡ് ഐ ടി മന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചിരുന്നു. കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ ലിഫ്റ്റിൽ കയറുന്ന വീഡിയോയിലാണ് രശ്മികയുടെ മുഖം മോർഫ് ചെയ്ത് ചേർത്തിരിക്കുന്നത്.