അടയിരിക്കുന്ന ഗവർണർമാർ
നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർ ഒപ്പിട്ടാലേ നിയമമാകൂ. സാധാരണഗതിയിൽ സംശയങ്ങൾ ഉണ്ടെങ്കിൽ അവ ദുരീകരിച്ചതിനുശേഷം ബില്ലിൽ ഗവർണർമാർ ഒപ്പിടുകയാണ് പതിവ്. എന്നാൽ കഴിഞ്ഞ രണ്ടുവർഷമായി എട്ടു ബില്ലുകളുടെ മേൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അടയിരിക്കുകയാണ്. ഒടുവിൽ സഹികെട്ട് കേരളത്തിന് സുപ്രീം കോടതിയെ സമീപിക്കേണ്ടിവന്നു. തമിഴ്‌നാട്ടിലും സമാന സാഹചര്യമാണുള്ളത്. അവരും സുപ്രീം കോടതിയിലെത്തിയിരിക്കുകയാണ്. ഇതിനു പുറമെ, പഞ്ചാബിലെ ആം ആദ്‌മി സർക്കാരും ഗവർണർക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി.
നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാതെ അടയിരിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ജനപ്രതിനിധിയല്ലെന്ന് സ്വയം മനസ്സിലാക്കണമെന്നുമാണ് ഹർജികൾ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് തുറന്നടിച്ചത്. കഴിഞ്ഞ ദിവസം കേരള ഗവർണർ മാദ്ധ്യമങ്ങളോടു സംസാരിക്കവെ താൻ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും ഇല്ല എന്ന സൂചനയാണ് നൽകിയത്. സംസ്ഥാനത്തിന്റെ പ്രവർത്തന ശൈലിയെ പ്രതിപക്ഷ നേതാക്കളുടെ സ്വരത്തിൽ ഗവർണർ കുറ്റപ്പെടുത്തുകയും ചെയ്തു.
ഗവർണർ ഒപ്പിടാനുള്ള എട്ട് ബില്ലുകളിൽ രണ്ടെണ്ണം വലിയ വിവാദങ്ങൾക്കിടയാക്കിയതാണ്. സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റി, പകരം ഉന്നത നിലവാരമുള്ള അക്കാദമീഷ്യന്മാരെ നിയമിക്കാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് ഒന്ന്. ചാൻസലർ എന്ന നിലയിൽ സർവകലാശാലകളുടെ ഭരണത്തിൽ ഗവർണർ അതിരുകടന്ന് ഇടപെടാൻ തുടങ്ങിയപ്പോഴാണ് സർക്കാർ ഇങ്ങനെയൊരു ബില്ല് കൊണ്ടുവന്നത്. മറ്റൊരു വിവാദമായ ബിൽ ലോകായുക്തയിൽ അപ്പീൽ ഇല്ലാത്ത നിലവിലെ വ്യവസ്ഥ മാറ്റി മുഖ്യമന്ത്രി ഉൾപ്പെടുന്ന ഒരു അപ്പലേറ്റ് സംവിധാനം കൊണ്ടുവരുന്നതിനുള്ളതാണ്.
ഗവർണർക്ക് തന്റേതായ ന്യായങ്ങളുണ്ടെങ്കിലും ജനാധിപത്യ രീതിയിൽ കാര്യങ്ങൾ വിലയിരുത്തിയാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്കാണ് മാറ്റങ്ങൾ കൊണ്ടുവരാൻ അധികാരമുള്ളത്. ഗവർണർ ജനപ്രതിനിധിയല്ല. കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായാണ് ഗവർണർമാർ നിയമിക്കപ്പെടുന്നത്. പ്രഗത്ഭന്മാരായ നിരവധി ഗവർണർമാർ കാലാവധി പൂർത്തിയാക്കിയിട്ടുള്ള സംസ്ഥാനമാണ് കേരളം. ഇന്ത്യയിൽത്തന്നെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാർ പ്രശ്നങ്ങളുണ്ടാക്കാറില്ല. തമിഴ്‌നാട്, ബംഗാൾ, കേരളം, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഗവർണർമാർ രാഷ്ട്രീയം കളിച്ചുകൊണ്ട് പലവിധ തടസങ്ങൾ സൃഷ്ടിക്കുന്നത്. ഇത് ജനാധിപത്യത്തിന്റെ സുഗമമായ പോക്കിന് നല്ലതല്ല. ഒരു നിശ്ചിത കാലയളവു വരെ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ ബിൽ നിയമമായി കണക്കാക്കാനുള്ള നിയമമാണ് ഇനി ഉണ്ടാകേണ്ടത്. ഇനി അതല്ലെങ്കിൽ ഭാരിച്ച ചെലവിനും ഭരണഘടനാ പ്രതിസന്ധിക്കും ഇടവരുത്തുന്ന ഈ ഗവർണർ പദവി തന്നെ ഓരോരോ സംസ്ഥാനങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ മാത്രം നിയമിച്ചാൽ പോരേ എന്നും ഭരണഘടനാ വിദഗ്ദ്ധർ ആലോചിക്കേണ്ടതാണ്.