നേരം വെളുത്തപ്പോൾ മൂന്ന് കിലോമീറ്റ‌ർ റോഡ് കാണാനില്ല; കോൺക്രീറ്റ് ഉണങ്ങും മുമ്പ് വാരിയെടുത്ത് നാട്ടുകാർ, വീഡിയോ

Wednesday 08 November 2023 11:32 AM IST

പാറ്റ്ന: നിർമാണം തുടരുന്നതിനിടെ മൂന്ന് കിലോമീറ്റർ റോഡ് മോഷണം പോയി. ബീഹാറിലാണ് സംഭവം. റോഡ് നിർമാണത്തിനുപയോഗിച്ച കോൺക്രീറ്റ് ഉണങ്ങുന്നതിന് മുമ്പാണ് ഗ്രാമവാസികൾ എടുത്തുകൊണ്ട് പോയത്. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ബീഹാറിലെ ജെഹ്വാബാദിലെ ഔദാൻ ബിഘ എന്ന ഗ്രാമത്തിലാണ് വിചിത്രമായ മോഷണം നടന്നത്. ഒന്നോ രണ്ടോ പേരല്ല, നാട്ടുകാർ മുഴുവൻ ചേർന്നാണ് റോഡ് നിർമാണത്തിനുപയോഗിച്ച സാധനങ്ങൾ വാരിക്കൊണ്ടുപോയത്. കോൺക്രീറ്റ് ഉണങ്ങുന്നതിന് മുമ്പ് തന്നെ ഗ്രാമവാസികൾ കോരിയെടുത്ത് വലിയ കുട്ടയിലാക്കുന്നതാണ് വീഡിയോയിലുള്ളത്. റോഡുപണിക്കായി കൂട്ടിയിട്ടിരുന്ന മണലും കല്ലും ഗ്രാമവാസികൾ വീടുകളിലേയ്‌ക്ക് കൊണ്ടുപോയി. വീഡിയോ വൈറലായതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനമാണ് നാട്ടുകാർക്കെതിരെ ഉയരുന്നത്. വെറുതെയല്ല ബീഹാർ നന്നാവാത്തത് എന്ന് ചിലർ കമന്റ് ചെയ്തു.

ജില്ലാ ആസ്ഥാനത്തെയും ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന റോഡ് മുഖ്യമന്ത്രിയുടെ വില്ലേജ് റോഡ് പദ്ധതിയുടെ ഭാഗമായാണ് നിർമാണം ആരംഭിച്ചത്. രണ്ട് മാസം മുമ്പ് ആർജെ‌ഡി എംഎൽഎ സതീഷ് കുമാറാണ് റോഡ് നിർമാണത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. 'റോഡ് പണി ഭാഗികമായി പൂർത്തിയായിരുന്നു. കോൺക്രീറ്റ് ഉണങ്ങുന്നതിന് മുമ്പാണ് നാട്ടുകാരിൽ ചിലർ അതെല്ലാം മോഷ്ടിച്ചുകൊണ്ട് പോയത്. '- സതീഷ് കുമാർ പറഞ്ഞു.