പ്രചാരണത്തിനിടെ ഡ്രെെവർ ബ്രേക്കിട്ടു; ബസിന് മുകളിൽ നിന്ന് തെറിച്ച് വീണ് മന്ത്രി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ

Thursday 09 November 2023 9:11 PM IST

ഹെെദരാബാദ്: തെലങ്കാനയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനത്തിൽ നിന്ന് താഴെ വീണ് മന്ത്രിയും ബി ആർ എസ് നേതാവുമായ കെ ടി രാമറാവു. നിസാമാബാദിലെ അർമൂറിൽ പ്രചാരണത്തിന് എത്തിപ്പോഴാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടൽ മൂലം ഗുരുതര പരിക്കുകളാെന്നുമില്ലാതെ മന്ത്രിയും മറ്റുള്ളവരും രക്ഷപ്പെട്ടു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

പിങ്ക് നിറത്തിലുള്ള മിനി ബസിന് മുകളിലാണ് മന്ത്രിയും ബി ആ‌ർ എസ് നേതാക്കളും പ്രചാരണം നടത്തിയത്. ഇടവഴിയിൽ കൂടി വാഹനം പതുക്കെ മുന്നോട്ട് പോയപ്പോൾ ഡ്രെെവർ പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. ഇതിനെതുടർന്ന് ബസിന് മുകളിൽ നിന്ന നേതാക്കൾ താഴെയ്ക്ക് വീഴാൻ പോകുന്നു. മന്ത്രിയുടെ കൂടെയുള്ള ഒരാൾ താഴെ വീഴുന്നതും വീഡിയോയിൽ കാണാം.

പിന്നിൽ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ പിടിച്ചുവലിച്ചതിനാലാണ് മന്ത്രി താഴെ വീഴാതെ രക്ഷപ്പെട്ടത്. സംഭവത്തിൽ ആർക്കും ഗുരുതര പരിക്കേറ്റിട്ടില്ല. മന്ത്രിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ലെന്നും കൊടങ്ങലിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി പങ്കെടുക്കുമെന്നും ബി ആർ എസ് നേതൃത്വം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ബി ആർ എസും കോൺഗ്രസും ബി ജെ പിയും തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് തെലങ്കാന സാക്ഷ്യം വഹിക്കുന്നത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ആർ എസ് 199 സീറ്റുകളിൽ 88 സീറ്റുകൾ നേടിയിരുന്നു.