കോൺഗ്രസിന്റെ പാലസ്‌തീൻ റാലിയിൽ നിന്ന് തരൂരിനെ വെട്ടി; പങ്കെടുപ്പിക്കേണ്ടെന്ന് മുതിർന്ന നേതാക്കൾ

Sunday 12 November 2023 4:29 PM IST

കോഴിക്കോട്: കോൺഗ്രസ് സംഘടിപ്പിക്കുന്ന പാലസ്‌തീൻ ഐക്യദാർഢ്യ റാലിയിൽ വർക്കിംഗ് കമ്മിറ്റിയംഗമായ ശശി തരൂർ എം പിയെ പങ്കെടുപ്പിച്ചേക്കില്ലെന്ന് വിവരം. പരിപാടിയുടെ ഉദ്ഘാടകരുടെയോ പ്രധാന പ്രഭാഷകരുടെയോ കൂട്ടത്തിൽ തരൂരിന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല.

23ന് കോഴിക്കോട് നടക്കുന്ന കോൺഗ്രസിന്റെ പാലസ്‌തീൻ റാലി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആണ് ഉദ്ഘാടനം ചെയ്യുന്നത്. കെ പി സി സി പ്രസിഡന്റ് കെ സുധാകരനാണ് അദ്ധ്യക്ഷൻ. പ്രതിപക്ഷ നേതാവ് വി ‌ഡി സതീശൻ, മുസ്ളീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി തങ്ങൾ, മുസ്ളീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് പ്രഭാഷകർ. പ്രവർത്തക സമിതിയംഗമെന്ന നിലയിൽ തരൂർ എത്തിയാലും പ്രഭാഷകരിൽ അവസാന ഊഴമായിരിക്കും തരൂരിന് ലഭിക്കുക.

ലീഗ് റാലിയിലെ പ്രസംഗം വിവാദമായ പശ്ചാത്തലത്തിൽ തരൂരിനെ വീണ്ടും പങ്കെടുപ്പിക്കേണ്ടതില്ലെന്നാണ് കെ സുധാകരനും വി ഡി സതീശനും അടക്കമുള്ള നേതാക്കളുടെ നിലപാട്. കുടുംബപരമായ ചടങ്ങ് ഉള്ളതിനാൽ തരൂർ റാലിയിൽ പങ്കെടുക്കാനും സാദ്ധ്യത കുറവാണ്.

അതേസമയം, റാലിയിൽ തരൂരിനെ പങ്കെടുപ്പിക്കണോയെന്ന് തീരുമാനിക്കേണ്ടത് സംഘാടകരാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറ‌ഞ്ഞു. റാലിയിലെ തരൂരിന്റെ പ്രസ്‌താവനയാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നും മുരളീധരൻ ആരോപിച്ചു.

തരൂർ പ്രസ്‌താവന തിരുത്തണം. തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. തരൂരിന്റെ പ്രസ്‌താവന കോൺഗ്രസ് അംഗീകരിക്കുന്നില്ല. പാലസ്‌തീൻ വിഷയത്തിൽ കോൺഗ്രസ് വെള്ളം ചേർത്തിട്ടില്ല. മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണ്. ജനങ്ങളെ വിഭജിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും കെ മുരളീധരൻ ആരോപിച്ചു.