വായ്‌പയെടുത്ത് വാങ്ങിയ ഫോണിന്റെ കുടിശിക ചോദിച്ച് നിരന്തരം ശല്യം; കോട്ടയത്ത് യുവാവ് മകനൊപ്പം ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ഇങ്ങനെ

Monday 13 November 2023 8:56 AM IST

കോട്ടയം: മീനടം നെടുംപൊയ്‌കയിൽ മൂന്നാംക്ളാസുകാരനായ മകനെ കൊന്ന് കെട്ടിത്തൂക്കിയ ശേഷം വയറിംഗ് തൊഴിലാളിയായ യുവാവ്ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ആത്മഹത്യാ കുറിപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പൊലീസ് അറിയിച്ച വിവരമനുസരിച്ച് മീനടം വട്ടുകളത്തിൽ ബിനു (48)വിനെ മൊബൈൽ വാങ്ങാൻ എടുത്ത വായ്‌പയുടെ കുടിശിക ആവശ്യപ്പെട്ട് നിരന്തരം സ്വകാര്യ കമ്പനി ജീവനക്കാർ ശല്യപ്പെടുത്തിയിരുന്നു. ഇതിലെ വിഷമം കാരണമാണ് മകൻ ശിവഹരി(9)യെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

അതേസമയം സാമ്പത്തിക പ്രതിസന്ധി കൊണ്ടാണ് ആത്മഹത്യ എന്നത് ബിനുവിന്റെ ബന്ധുക്കൾ തള്ളിയിരുന്നു. വീട്ടിൽനിന്നും 200 മീറ്റർ മാറി പെരുമ്പാവൂർ സ്വദേശിയുടെ ആൾത്താമസമില്ലാത്ത പുരയിടത്തിലെ വിറകുപുരയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടത്. പുലർച്ചെ നടക്കാൻ പോകാറുള്ള ബിനു പതിവായി മകളെയാണ് കൂടെ കൂട്ടുന്നത്. ഇന്നലെ മകനെ കൂട്ടിയതെന്തിനാണെന്ന് സംശയം നിലനിൽക്കുന്നു. ശിവഹരിയുടെ കഴുത്തിൽ കയർ രണ്ട് തവണ ചുറ്റിയതിന്റെ പാടുകളുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം മണർകാട് സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ:രേഖ. മകൾ : ലക്ഷ്മി. സംസ്‌കാരം രാവിലെ 11.30ന് വീട്ടുവളപ്പിൽ.