പുല്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്; കെ കെ എബ്രഹാമടക്കമുള്ള പ്രതികളുടെ 4.34 കോടിയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി

Monday 13 November 2023 9:21 PM IST

വയനാട്: പുല്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി കെ കെ. എബ്രഹാമടക്കമുള്ള ബാങ്ക് ഭാരവാഹികളുടെ സ്വത്ത് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 4.34 കോടി രൂപ മൂല്യം വരുന്നതാണ് സ്വത്തുക്കളെന്ന് ഇ. ഡി വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കെ.കെ. എബ്രഹാമിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ എടുത്തിരുന്നു. കോഴിക്കോട്ടെ ഇ.ഡി ആസ്ഥാനത്ത് എത്തിച്ച് ചോദ്യം ചെയ്ത ശേഷം ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് ദിവസം ഇ,​ഡി കസ്റ്റഡിയിലായിരുന്നു കെ,​കെ,​ എബ്രഹാം. കസ്റ്റഡി അവസാനിച്ച നവംബർ 10 ന് കെ,​കെ,​ എബ്രഹാമിനെ പി,​എം,​എൽ.എ കോടതിയിൽ ഹാജരാക്കി . കോടതി 14 ദിവസത്തേക്ക് റിമാൻഡ് നീട്ടുകയായിരുന്നു.കേസിൽ മറ്റൊരു പ്രതിയായ സജീവൻ കൊല്ലപ്പള്ളിയും 14 ദിവസത്തേക്ക് കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും.

യു.ഡി.എഫ് നിയന്ത്രണത്തിലുള്ള പുല്പള്ളി സഹകരണ ബാങ്കിൽ വായ്പ ഇടപാടിൽ 8.64 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായാണ് കേസ് . ഈ കേസിൽ പൊലീസ് നേരത്തെ കെ.കെ. എബ്രഹാമിനെയും ബാങ്ക് സെക്രട്ടറിയേയും അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിൽ കഴിയുന്നതിനിടെയാണ് ഇ.ഡി കെ.കെ എബ്രഹാമിനെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് ചെയ്തത്. തട്ടിപ്പിൽ പത്ത് പേർക്കെതിരെ തലശേരി വിജിലൻസ് കോടതിയിൽ കേസുണ്ട്. തട്ടിപ്പിന് ഇരയായ ഒരു കർഷകൻ ആത്മഹത്യ ചെയ്തിരുന്നു.

Advertisement
Advertisement