കാട്ടാനയുടെ  ഫോട്ടോയെടുക്കാൻ പ്രകോപിപ്പിച്ച് ബഹളം ഉണ്ടാക്കി; യുവാക്കൾക്കെതിരെ കേസെടുത്ത് വനംവകുപ്പ്

Tuesday 14 November 2023 7:15 PM IST

കൽപറ്റ: വയനാട്ടിൽ കാട്ടാനയുടെ ഫോട്ടോയെടുക്കാൻ ശ്രമിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തവർക്കെതിരെ കേസെടുത്ത് വനംവകുപ്പ്. മൂന്ന് പേരാണ് സുൽത്താൻബത്തേരി പുൽപ്പള്ളി പാതയിൽ വാഹനം നിർത്തി കാട്ടാനയെ പ്രകോപിപ്പിച്ചത്. സംഭവത്തിൽ വാഹന ഉടമയോട് ഹാജരാകാൻ വനംവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. റോഡിനോട് ചേർന്നുള്ള സ്ഥലത്ത് പുൽത്തകിടിയിൽ മേയുകയായിരുന്ന കാട്ടാന. അപ്പോഴാണ് എറണാകുളം സ്വദേശി വാഹനം നിർത്തി കാട്ടാനയുടെ ഫോട്ടോയെടുക്കാൻ ശ്രമിച്ചത്.

ഇവർ ആനയെ പ്രകോപിപ്പിക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്തു. തുടർന്ന് ആന ഇവർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഈ സംഘത്തിന് പിന്നാലെ വന്നവരാണ് ഈ ദൃശ്യങ്ങൾ പകർത്തി കുറിച്യാട് റേഞ്ച് ഓഫീസർക്ക് അയച്ചു കൊടുത്തത്. വനത്തിൽ അതിക്രമിച്ച് കടന്നു, കാട്ടുമൃഗങ്ങളെ ശല്യപ്പെടുത്തി എന്നീ വകുപ്പുകളാണ് നിലവിൽ ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

വന്യജീവി സങ്കേതത്തിന്റെ ഭാഗമായുള്ള സ്ഥലത്താണ് സംഭവം നടന്നിരിക്കുന്നത്. അതിനാൽ തന്നെ ഇത് വേട്ടയാടലിന് തുല്യമായിട്ടുള്ള കാര്യമായിട്ടാണ് പരിഗണിക്കുന്നതെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. വാഹന ഉടമ ഹാജരായതിന് ശേഷമാകും തുടർ നടപടി സ്വീകരിക്കുന്നത്.

Advertisement
Advertisement