'നമിച്ചു, നിങ്ങളൊക്കെ നന്നായി വരും, ഞാൻ മകളെ പോലെ കാണുന്നവളാണ്'; വിമർശിച്ചവർക്ക് മറുപടിയുമായി ഗോപി സുന്ദർ

Wednesday 15 November 2023 2:57 PM IST

വ്യക്തി ജീവിതത്തിൽ എന്നും വിമർശിക്കപ്പെടുന്ന ആളാണെങ്കിൽ പോലും മനോഹരമായ ഗാനങ്ങളൊരുക്കി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ സംഗീത സംവിധായകനാണ് ഗോപി സുന്ദർ. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും എല്ലാം ഗോപി സുന്ദർ ഒരുക്കിയ ഗാനങ്ങൾക്കെല്ലാം പ്രത്യേക ആകർഷണ സുഖമുണ്ട്. പലപ്പോഴും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്‌ക്കുന്ന ചിത്രങ്ങൾ വിമർശനങ്ങളേറ്റുവാങ്ങാറുണ്ട്.

ഒരു വിവാഹബന്ധവും ചില ലിവിംഗ് ടുഗതർ റിലേഷനുകളും കഴിഞ്ഞതോടെ, ഗോപി സുന്ദർ ഏത് സ്ത്രീയ്‌ക്കൊപ്പം ചിത്രങ്ങൾ പങ്കുവച്ചാലും അതിനെയെല്ലാം മോശമായ രീതിയിൽ മാത്രമേ സമൂഹമാദ്ധ്യമങ്ങളിൽ ചിലർ വിലയിരുത്തുന്നുള്ളു. പലപ്പോഴും ഇത്തരം കമന്റുകൾക്ക് മറുപടിയുമായി ഗോപി സുന്ദർ തന്നെ രംഗത്തെത്താറുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഒരു മ്യൂസിക് ഷോയുമായി ബന്ധപ്പെട്ട് സ്വിറ്റ്‌സർലന്റിൽ പോയപ്പോൾ എടുത്ത ചില ചിത്രങ്ങൾ അദ്ദേഹം പങ്കുവച്ചത് വൈറലായിരുന്നു. എന്നാൽ ഇക്കൂട്ടത്തിൽ യുവ ഗായിക പുണ്യ പ്രദീപിനൊപ്പമുള്ള ചിത്രങ്ങളെ ചിലർ വിമർശിച്ചിരുന്നു. ഇപ്പോഴിതാ പുണ്യയ്‌ക്കൊപ്പം ചേർത്ത് ഗോസിപ്പ് പ്രചരിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദർ.

ഷെയർ ചെയ്ത വാർത്തയ്‌ക്ക് താഴെയാണ് ഗോപി സുന്ദറിന്റെ പ്രതികരണം. 'എന്റെ സ്വന്തം പെങ്ങളെ പോലെയോ, മകളെ പോലെയോ കാണുന്ന ഒരാൾക്കൊപ്പം ഫോട്ടോ ഇട്ടാലും നീചമായ രീതിയിൽ ചിന്തിക്കുന്ന നിങ്ങളെ നമിച്ചു. നിങ്ങളൊക്കെ നന്നായി വരും. ദൈവം നിങ്ങളെ വാനോളം ഉയർത്തട്ടെ എന്നാണ് ഗോപി സുന്ദർ പ്രതികരിച്ചത്.

ജീവിതത്തിലെ പല പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച പുണ്യ പ്രദീപ് സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധ നേടിയത്. ഗോപി സുന്ദറിനൊപ്പം സ്വിറ്റ്സർലന്റിൽ നടത്തിയ മ്യൂസിക ഷോ പുണ്യയുടെ കരിയറിൽ മറ്റൊരു നേട്ടമായിരുന്നു. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങൾ വളരെ അഭിമാനത്തോടെ പുണ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.