മുഖ്യമന്ത്രിക്ക് പ്രത്യേക ക്യാബിനറ്റ്, യോഗം ചേരാൻ റൗണ്ട് ടേബിൾ മുറി, ഒപ്പം മിനികിച്ചണും ശുചിമുറിയും; നവകേരള സദസിനുളള സ്‌പെഷ്യൽ ബസിന്റെ സവിശേഷതകൾ ഇതൊക്കെയാണ്

Thursday 16 November 2023 11:21 AM IST

തിരുവനന്തപുരം: നവകേരള സദസിന് മുഖ്യമന്ത്രി പിണറായി വിജയനും മ​റ്റ് മന്ത്രിമാർക്കും യാത്ര ചെയ്യുന്നതിനായി ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് ഭാരത് ബെൻസ് ആഡംബര ബസ് തയ്യാറാക്കുന്നത്. 25 പേർക്ക് ഒരേസമയം സഞ്ചരിക്കാൻ സാധിക്കുന്ന പുത്തൻ ബസിന്റെ പ്രത്യേകതകൾ എന്തൊക്കെയെന്ന് നോക്കാം.

ബസിന്റെ നിർമ്മാണത്തിനായി ആകെ 1,05,20000 രൂപയാണ് ചെലവാകുന്നത്. പുത്തൻ ബസിൽ മുഖ്യമന്ത്രിക്ക് യാത്ര ചെയ്യുന്നതിന് പ്രത്യേക ക്യാബിനറ്റ് ഉണ്ടാകും. അടിയന്തര യോഗങ്ങൾ കൂടുന്നതിനായി റൗണ്ട് ടേബിൾ മുറിയൊരുക്കും.യാത്രക്കാർക്ക് ആവശ്യത്തിനായുളള ലഘുഭക്ഷണങ്ങൾ തയ്യാറാക്കുന്നതിനായി വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മിനി കിച്ചൺ സൗകര്യം ഉണ്ടാകും. കൂടാതെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനുളള ശുചിമുറിയും കാണും.

കർണാടകയിൽ 35 ലക്ഷം രൂപ ചെലവഴിച്ചാണ് ബസിന്റെ ബോഡി നിർമിച്ചിരിക്കുന്നത്. നിലവിൽ ബസ് എവിടെയാണെന്ന് ഗതാഗത വകുപ്പ് പുറത്തുപറഞ്ഞിട്ടില്ല. ഈ മാസം 18 ന് ആരംഭിക്കുന്ന യാത്രയിൽ ആദ്യമായി പ്രദർശിപ്പിക്കാനാണ് തീരുമാനം. പര്യടന ശേഷം ബസ് കെഎസ്ആർടിസിക്ക് നൽകുന്നതാണ്. സ്വിഫ്റ്റിലെ ജീവനക്കാരുടെ ഡെപ്പോസിറ്റ് തുക ഉപയോഗിച്ച് വാങ്ങിയ സീറ്റർ കം സ്ലീപ്പർ ഹൈബ്രിഡ് ബസ് രൂപമാറ്റം വരുത്തി ഉപയോഗിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ പുതിയ ബസാക്കാമെന്ന് തീരുമാനം മാറ്റുകയായിരുന്നു. എംഎൽഎമാരുടെ മണ്ഡലങ്ങളിലെ പൗര പ്രമുഖരുടെ യാത്രയും ഹൈബ്രിഡ് ബസിലായിരിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

നവംബർ 18ന് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നുമാണ് പരിപാടിക്ക് തുടക്കം കുറിക്കുന്നത്. അടുത്ത മാസം 24 ന് അവസാനിക്കും. ഓരോ മണ്ഡലത്തിലെയും എംഎൽഎമാരായിരിക്കും പരിപാടിക്ക് നേതൃത്വം വഹിക്കുന്നത്. പരിപാടിയിൽ സ്വാതന്ത്ര്യസമര സേനാനികൾ, മുതിർന്ന പൗരൻമാർ, വിവിധ മേഖലകളിലെ പ്രമുഖർ, മഹിളാ, യുവജന, വിദ്യാർത്ഥി വിഭാഗത്തിൽ നിന്നും പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവർ, കോളേജ് യൂണിയൻ ഭാരവാഹികൾ, പട്ടികജാതി-വർഗ വിഭാഗത്തിലെ പ്രതിഭകൾ, കലാകാരന്മാർ, സിനിമാ പ്രവർത്തകർ, പ്രമുഖ പുരസ്കാരങ്ങൾ നേടിയവർ, തുടങ്ങിയവർ വേദികളിലെത്തും.