തെലങ്കാനയിൽ ബിജെപിക്ക് തിരിച്ചടി; നടിയും മുൻ എംപിയുമായ വിജയശാന്തി പാർട്ടി വിട്ടു, തിരികെ കോൺഗ്രസിലേയ്‌ക്ക്
ഹൈദരാബാദ്: നടിയും മുൻ എംപിയുമായ വിജയശാന്തി ബിജെപി വിട്ടു. തന്റെ രാജിക്കത്ത് അവർ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ജി കിഷൻ റെഡ്ഡിക്ക് കൈമാറി. ഇന്നലെയാണ് കത്ത് കൈമാറിയത്. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് വിജയശാന്തിയുടെ തീരുമാനം.
കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുടെ സാന്നിദ്ധ്യത്തിൽ അവർ കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. തെലങ്കാന പിസിസിയിലെ മുതിർന്ന നേതാക്കൾ ഇന്ന് അവരെ സന്ദർശിച്ച് ഔദ്യോഗികമായി പാർട്ടിയിലേയ്‌ക്ക് ക്ഷണിക്കും.
2009ൽ ടിആർഎസിന്റെ മേദകിൽ നിന്നുള്ള എംപിയായിരുന്നു വിജയശാന്തി. എന്നാൽ, ടിആർഎസ് നേതൃത്വമായുള്ള എതിർപ്പിനെത്തുടർന്ന് 2014ൽ അവർ കോൺഗ്രസിലെത്തി. 2018ലെയും 2019ലെയും കോൺഗ്രസിന്റെ പരാജയത്തെത്തുടർന്നാണ് അവർ ബിജെപിയിൽ ചേർന്നത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ താര പ്രചാരകയായിരുന്നു വിജയശാന്തി. തെലങ്കാന കോൺഗ്രസ് പ്രചാരണ സമിതി അദ്ധ്യക്ഷയുമായിരുന്നു അവർ. സംസ്ഥാന കോൺഗ്രസ് നേതൃത്വം അവഗണിക്കുന്നതിലുള്ള അതൃപ്തിക്ക് പിന്നാലെയാണ് 2020ൽ ബിജെപിൽ ചേക്കേറുന്നത്.