യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം; തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണം,​ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്യാനുള്ള നീക്കമെന്ന് എം വി ഗോവിന്ദൻ

Friday 17 November 2023 6:57 PM IST

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഗൗരവമായി ഇടപെടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ വ്യാപകമായി കള്ളവോട്ട് ചെയ്യാനുള്ള നീക്കമാണോയെന്ന് ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് എം.വി. ഗോവിന്ദൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

.യൂത്ത കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനായി ഇത്രയധികം കാർഡുകൾ ഉണ്ടാക്കിയെങ്കിൽ വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ എത്രലക്ഷം ഐ.ഡി കാർഡാവും ഉണ്ടാക്കുകയെന്നും അദ്ദേഹം ചോദിച്ചു. ഒരു പ്രത്യേക ആപ്പിൽ നിന്ന് ഐ.ഡി കാർഡ് ഉണ്ടാക്കുക,​ അതുമായി വോട്ടുചെയ്യുക,​ ഇത് സംബന്ധിച്ച് എല്ലാ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉണ്ടാക്കിയ ഈ യൂത്ത് കോൺഗ്രസ് മോഡൽ ജനങ്ങളിൽ ഉത്കണ്ഠ ഉണ്ടാക്കുന്നതാണ്. ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യമായ രീതിയിൽ നടത്തണനെന്നും ഗോവിന്ദൻ പറഞ്ഞു,​ ആർക്കും ഐ.ഡി കാർഡ് നിർമ്മിക്കാമെന്നാണ് ഇത് കാണിക്കുന്നത്,​ വരുന്ന പൊതുതിര‌ഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന് പിന്നിൽ കനുഗോലുവാണെന്നും ഗോവിന്ദൻ ആരോപിച്ചു.

അതേസമയം മുസ്ലിംലീഗ് പ്രതിനിധിയെ കേരളബാങ്കിന്റെ ഭരണസമിതിയിൽ ഉൾപ്പെടുത്തിയിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ജനാധിപത്യത്തിന്റെ പുതിയ കാൽവയ്പാണ് നവകേരള സദസെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. നവകേരള സദസിൽ മുഴുവൻ ജനങ്ങളും പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Advertisement
Advertisement