വീട്ടിലെ മലക്കറി കൃഷിക്കിടെ ശിവൻകുട്ടിക്ക് ഈ വക പണിയുണ്ടെന്ന് ആരും വിചാരിച്ചില്ല, സംഗതി കൈയോടെ പൊക്കി

Saturday 18 November 2023 12:36 PM IST

തിരുവനന്തപുരം: നെടുമങ്ങാട് കഞ്ചാവും നെയ്യാറ്റിൻകരയിൽ കഞ്ചാവ് ചെടിയും പിടികൂടി. പ്രതികൾ അറസ്റ്റിൽ. നെടുമങ്ങാട് വിതുരയിൽ, വില്പനയ്ക്കായി ബൈക്കിൽ കൊണ്ടുവന്ന കഞ്ചാവ് എക്‌സൈസ് പിടികൂടി പ്രതിയെ അറസ്റ്റ് ചെയ്തു. തൊളിക്കോട് സ്വദേശി 33 വയസുള്ള ഷാജിയെ ആണ് കഞ്ചാവ് കടത്തിയതിന് എക്‌സൈസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് വില്പനയിലൂടെ ലഭിച്ച 1500/ രൂപയും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. പാലോട്, വിതുര തൊളിക്കോട് തുടങ്ങിയ മേഖലകളിൽ കഞ്ചാവും മറ്റു ലഹരി വസ്തുക്കളും വില്പന നടത്തുന്നതിൽ പ്രധാനിയാണ് ഇയാൾ. ഷാജിക്ക് മെഡിക്കൽ കോളേജ്, ശ്രീകാര്യം, വിതുര, പാലോട് തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. നെടുമങ്ങാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി.ആർ സുരൂപിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ രഞ്ജിത്ത്, ബിജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ നജിമുദീൻ, സജി, മുഹമ്മദ് മിലാദ്, മഞ്ജുഷ എക്‌സൈസ് ഡ്രൈവർ മുനീർ എന്നിവർ പങ്കെടുത്തു.

നെയ്യാറ്റിൻകരയിൽ വീടിന്റെ ടെറസിൽ രഹസ്യമായി നട്ടുവളർത്തിയ കഞ്ചാവ് ചെടി എക്‌സൈസ് കണ്ടെത്തി. തിരുവനന്തപുരം ഐ.ബിയിലെ പ്രിവന്റിവ് ഓഫീസർ ഷാജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഐ.ബി പാർട്ടിയും നെയ്യാറ്റിൻകര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷാജഹാന്റെ നേതൃത്വത്തിലുള്ള പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പള്ളിച്ചൽ ഭാഗത്തു നിന്ന് കഞ്ചാവ് ചെടി പിടികൂടിയത്. കഞ്ചാവ് ചെടി നട്ടു വളർത്തിയ 68 വയസുള്ള ശിവൻകുട്ടിയെ അറസ്റ്റ് ചെയ്തു. മലക്കറി കൃഷി ചെയ്യുന്നതിന് ഇടയിലാണ് പ്രതി രഹസ്യമായി കഞ്ചാവ് ചെടി നട്ടു വളർത്തിയത്. 80 സെന്റീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടിക്ക് നാലുമാസത്തോളം പ്രായം ഉണ്ട്.