പദ്‌മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തി തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി

Saturday 18 November 2023 11:46 PM IST

തിരുവനന്തപുരം: തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ഭാര്യ സുരേഖ, ചെറുമകൾ എന്നിവർക്കൊപ്പം ഇന്ന് പുലർച്ചെ 5.30 ഓടെയാണ് ക്ഷേത്രത്തിൽ എത്തിയത്. ഹനുമാന് വെണ്ണ മുഴുക്കാപ്പ് ചാർത്തുന്ന വഴിപാട് അദ്ദേഹം നേർന്നു. ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ വി.മഹേഷ്, മാനേജർ ബി.ശ്രീകുമാർ എന്നിവ‌ർ ചേർന്ന് ചിരഞ്ജീവിയെ സ്വീകരിച്ചു. അരമണിക്കൂർ ചെലവിട്ടശേഷം രാവിലെ 6ന് ക്ഷേത്രദർശനം പൂർത്തിയാക്കി അദ്ദേഹം മടങ്ങി. ഒരു ബന്ധുവിന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാനാണ് ചിരഞ്ജീവി തിരുവനന്തപുരത്തെത്തിയത്.

ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ താരങ്ങളിലൊരാളാണ് കൊനിഡേല ശിവശങ്കര വരപ്രസാദ് എന്ന ചിരഞ്ജീവി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ദക്ഷിണേന്ത്യയിലെ ഏറ്റവും സമ്പന്നനായ താരമാണ് ചിരഞ്ജീവി. 200 മില്യൺ യു.എസ് ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 1990കളിൽ തന്നെ ഇന്ത്യയിലെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരമായിരുന്നു ചിരഞ്ജീവി. ഒരു കോടി രൂപയായിരുന്നു അന്ന് അദ്ദേഹം പ്രതിഫലം വാങ്ങിയിരുന്നത്. .

മകനും യുവതാരവുമായ രാംചരൺ തേജയാണ് സമ്പത്തിന്റെ കാര്യത്തിൽ രണ്ടാമത്. 175 മില്യൺ ഡോളറാണ് രാംചരണിന്റെ ആസ്തി.

അതേസമയം ചിരഞ്ജീവി നായകനായി ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രം ഭോലാശങ്കർ ബോക്സാഫീസിൽ ദയനീയമായി പരാജയപ്പെട്ടിരുന്നു. അജിത് നായകനായ തമിഴ് സൂപ്പർഹിറ്റ് ചിത്രം വേതാളത്തിന്റെ റീമേക്കായിരുന്നു ഭോലാശങ്കർ. തമന്ന നായികയായ ചിത്രത്തിൽ ചിരഞ്ജീവിയുടെ സഹോദരിയായി കീർത്തി സുരേഷാണ് അഭിനയിച്ചത്.