മലദ്വാരത്തിലെ കടത്തൊക്കെ ഔട്ട്, സ്വർണക്കടത്തുകാർ കൂട്ടുപിടിച്ചിരിക്കുന്നത് ലുങ്കികളെ

Sunday 19 November 2023 8:03 AM IST

ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടുകോടിയോളം രൂപയുടെ സ്വർണം പിടികൂടി. ഇന്നലെ പുലർച്ചെ ദുബായിൽ നിന്നെത്തിയ കോഴിക്കോട് കൈതപറമ്പ് സ്വദേശി സുഹൈബ് (34),​ തിരുവനന്തപുരം കമലേശ്വരം സ്വദേശി മുഹമ്മദ് അഫ്സർ (28) എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്.

1959 ഗ്രാം തൂക്കം വരുന്ന സ്വർണം മിശ്രിത രൂപത്തിലാക്കി ഫ്ളാസ്ക്കിനുള്ളിൽ ഒളിപ്പിച്ചാണ് സുഹൈബ് കടത്താൻ ശ്രമിച്ചത്. സ്വർണം ലയിപ്പിച്ച ലായനിയിൽ ലുങ്കികൾ മുക്കി,​ ഉണക്കിയെടുത്ത് ബാഗിനുള്ളിൽ ഒളിപ്പിച്ചാണ് അഫ്സൽ കടത്തിയത്. ഇത്തരത്തിലുള്ള 10 ലുങ്കികൾ ഇയാളുടെ ബാഗിൽ നിന്ന് കണ്ടെടുത്തു. ഇതിന്റെ തൂക്കം ഒരുകിലോഗ്രാമിൽ കൂടുതൽ വരുമെന്ന് അധികൃതർ പറഞ്ഞു.

എയർ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ എ.എം.നന്ദകുമാറിന്റെ നേത്വത്തിൽ സൂപ്രണ്ടുമാരായ വി.ടി.രാജശ്രീ, ഐ.വി.സീന, വിരേന്ദ്രകുമാർ, രാജീവ് രജ്ജൻ,​ വിക്രാന്ദ് കുമാർ വർമ്മ, ഇൻസ്പെക്ടർമാരായ ജെയിംസ് അഗസ്റ്റിൻ, സുജാത വിജയൻ, ഹവിൽദാർമാരായ ബാബുരാജൻ, ഷൈജാൻ തോമസ്, വിജയകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.