'മൻസൂർ അലി ഖാൻ ബോധമില്ലാത്ത നടൻ, ഇനി അങ്ങനെ ചെയ്‌താൽ മദ്രാസ് കാണില്ലെന്ന് ‌ഞാൻ പറഞ്ഞു'; വൈറലായി ഹരിശ്രീ അശോകന്റെ വാക്കുകൾ

Sunday 19 November 2023 1:46 PM IST

ലിയോ സിനിമയുമായി ബന്ധപ്പെട്ട് നടൻ മൻസൂർ അലി ഖാൻ നടി തൃഷയ്ക്കെതിരെ നടത്തിയ അപകീർത്തി പരാമർശം വലിയ വിമർശനങ്ങൾക്കിടയാക്കിയിരിക്കുകയാണ്. സംഭവത്തിൽ പ്രതികരിച്ച് തൃഷ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മൻസൂർ അലി ഖാനെക്കുറിച്ച് നടൻ ഹരിശ്രീ അശോകൻ ഒരഭിമുഖത്തിൽ സംസാരിച്ചത് ഏറെ ശ്രദ്ധനേടുകയാണ്.

കുഞ്ചാക്കോ ബോബൻ, കൊച്ചിൻ ഹനീഫ തുടങ്ങിയവർക്കൊപ്പം അഭിനയിച്ച സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മൻസൂറിൽ നിന്ന് നേരിട്ട ദുരനുഭവമാണ് ഹരിശ്രീ അശോകൻ അഭിമുഖത്തിൽ വിവരിച്ചത്.

'സത്യം ശിവം സുന്ദരം സിനിമയിൽ എന്നെയും ഹനീഫിക്കയെയും മൻസൂർ അലി ഖാൻ ബസ്റ്റാൻഡിലിട്ട് തല്ലുന്ന സീൻ ഉണ്ട്. അന്ധൻമാരുടെ വേഷമായതിനാൽ കണ്ണ് എപ്പോഴും മുകളിലേയ്ക്ക് വയ്ക്കണം. അപ്പോൾ നമുക്കൊന്നും കാണാൻ പറ്റില്ല. മൻസൂർ രണ്ടുമൂന്ന് തവണ കൈക്കിട്ട് ഇടിച്ചു. നെഞ്ചിനിട്ടും ചവിട്ട് കിട്ടി. ഇനി ചവിട്ടരുത്, ടൈമിംഗ് നിങ്ങളുടെ കയ്യിലാണ്, ഞങ്ങൾക്ക് കാണാൻ കഴിയില്ലെന്ന് ഒരു തവണ ഞാൻ പറ‌ഞ്ഞു. പുള്ളി മൈൻഡ് ചെയ്തില്ല.

രണ്ടാമതും ചവിട്ടി. അപ്പോൾ ഞാൻ നിർത്താൻ പറഞ്ഞു. നിന്നോട് ഒരു തവണ പറഞ്ഞതാണ് ഇനി ചവിട്ടരുതെന്ന്. ഇനി നീയെന്റെ ദേഹത്ത് തൊട്ടാൽ മദ്രാസ് കാണില്ലെന്ന് ഞാൻ പറഞ്ഞു. പിന്നെ ഒരു കുഴപ്പവും ഉണ്ടായില്ല. എന്റെ നാലിരട്ടി ഉണ്ടായിരുന്നു അയാൾ. നമ്മളെ ചവിട്ടിയിട്ട് എന്തായാലും അയാൾ ഇവിടുന്ന് പോകില്ല.

ഒരു ബോധമില്ലാത്ത നടനാണ് ഈ മൻസൂർ അലി ഖാൻ. അയാൾക്ക് വേണ്ടി ഞങ്ങളൊക്കെ ഒരുപാട് സഹിച്ചു. അയാൾക്കെതിരെ 150ഓളം കേസുകളുണ്ട്. ഇപ്പോഴും ജയിലിലാണ്. വീട്ടിൽ വരുന്നത് വല്ലപ്പോഴുമാണ്'- അഭിമുഖത്തിൽ ഹരിശ്രീ അശോകൻ പറഞ്ഞു.

തൃഷയ്‌ക്കൊപ്പം ലിയോയിൽ അഭിനയിക്കുന്നുവെന്ന് കേട്ടപ്പോൾ കിടപ്പുമുറി സീൻ ഉണ്ടാകുമെന്ന് താൻ കരുതിയെന്നായിരുന്നു മൻസൂർ അലി ഖാൻ പറഞ്ഞത്. പഴയ സിനിമകളിൽ ബലാത്സംഗ സീനുകൾ ചെയ്തിട്ടുണ്ട്. മറ്റ് നടിമാരെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയതുപോലെ തൃഷയേയും കൊണ്ടുപോകാമെന്ന് കരുതി. എന്നാൽ കാശ്മീരിലെ ഷൂട്ടിംഗ് സെറ്റിൽ തൃഷയെ അവർ കാണിച്ചില്ലെന്നും നടൻ പറഞ്ഞതാണ് ഏറെ വിവാദമായത്.