തൃഷക്കെതിരായ സ്‌ത്രീവിരുദ്ധ പരാമർശം; മൻസൂ‌ർ അലി ഖാനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

Monday 20 November 2023 1:07 PM IST

ന്യൂഡൽഹി: ലിയോ സിനിമയുമായി ബന്ധപ്പെട്ട് നടി തൃഷ കൃഷ്ണനെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ നടൻ മൻസൂർ അലിഖാനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ. നടനെതിരെ നടപടിയെടുക്കുമെന്ന് ദേശീയ വനിതാ കമ്മിഷൻ അംഗം ഖുശ്‌ബു സുന്ദർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഒരു അഭിമുഖത്തിലായിരുന്നു മൻസൂർ അലിഖാന്റെ അപകീർത്തികരമായ പരാമർശം. തൃഷയ്‌ക്കൊപ്പം ലിയോയിൽ അഭിനയിക്കുന്നുവെന്ന് കേട്ടപ്പോൾ കിടപ്പുമുറി സീൻ ഉണ്ടാകുമെന്ന് താൻ കരുതി. പഴയ സിനിമകളിൽ ബലാത്സംഗ സീനുകൾ ചെയ്തിട്ടുണ്ട്. മറ്റ് നടിമാരെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയതുപോലെ തൃഷയേയും കൊണ്ടുപോകാമെന്ന് കരുതി. എന്നാൽ കാശ്മീരിലെ ഷൂട്ടിംഗ് സെറ്റിൽ തൃഷയെ അവർ കാണിച്ചില്ലെന്നായിരുന്നു നടൻ പറഞ്ഞത്.

മൻസൂർ അലി ഖാന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് തൃഷ വിഷയത്തിൽ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. വെറുപ്പുളവാക്കുന്ന രീതിയിൽ മൻസൂർ സംസാരിക്കുന്നതിന്റെ വീഡിയോ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരാമർശത്തെ ശക്തമായി അപലപിക്കുകയാണെന്നും നടി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

മൻസൂർ അലിഖാന്റെ വിവാദ പരാമർശത്തിനെതിരെ ലിയോ സിനിമയുടെ സംവിധായകൻ ലോകേഷ് കനകരാജും നേരത്തെ രംഗത്തെത്തിയിരുന്നു.