വിമാനത്താവളത്തിൽ 'അജ്ഞാത പറക്കും വസ്തു', ഏറെ നേരം അവിടെ കറങ്ങിയ ശേഷം അപ്രത്യക്ഷമായി; റഫാൽ വിമാനവുമായി തെരച്ചിൽ നടത്തി ഇന്ത്യൻ എയർ ഫോഴ്സ്

Monday 20 November 2023 6:35 PM IST

ഇംഫാൽ: മണിപ്പൂരിലെ ഇംഫാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേയ്ക്ക് മുകളിൽ അജ്ഞാത പറക്കും വസ്തു കണ്ടെത്തി. ഇതിനെ തുടർന്ന് ഇന്ത്യൻ എയർ ഫോഴ്സ് രണ്ട് റഫാൽ യുദ്ധവിമാനങ്ങൾ അയച്ച് തെരച്ചിൽ നടത്തി. വിവരം ലഭിച്ച ഉടനെ റഫാൽ ജെറ്റ് അയച്ചതായി സെെനികവൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

നൂതന സെൻസറുകൾ സ്ഥാപിച്ച റഫാൽ വിമാനം പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ആദ്യ വിമാനം മടങ്ങിയെത്തിയതിന് ശേഷം മറ്റൊരു വിമാനംകൂടി അയച്ച് പരിശോധന നടത്തി.

അതേസമയം,​ റൺവേയ്ക്ക് മുകളിലെത്തിയ അജ്ഞാത വസ്തുവിന്റെ വീഡിയോ കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥർ അന്വേഷണം നടത്തുന്നുണ്ട്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2.30ഓടെയാണ് റൺവേയ്ക്ക് മുകളിൽ പറക്കുന്ന ഡ്രോൺ പോലുള്ള ഒരു വസ്തു കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ചില വിമാന സർവീസുകൾ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു.

വ്യോമസേന വിമാനത്താവളത്തിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ എയർ ഡിഫൻസ് റെസ്‌പോൺസ് സംവിധാനം പ്രവർത്തനക്ഷമമാക്കിയതായി ഈസ്‌റ്റേൺ കമാൻഡ് അറിയിച്ചിരുന്നു. ഡ്രാേൺ പോലുള്ള ഒരു വസ്തുവാണ് കണ്ടത്തെന്ന് ഇംഫാൽ എയർപോർട്ട് ഡയറക്ടർ ചിപേമ്മി കെെഷിംഗ് അറിയിച്ചു.

പറന്നുവന്ന വസ്തുവിന്റെ നിറം വെള്ളയായിരുന്നുവെന്നാണ് വിവരം. ആദ്യം ടെർമിനൽ കെട്ടിടത്തിന് മുകളിലൂടെ പറന്ന ഈ വസ്തു എ ടി സി ടവറിന് മുകളിലായി കുറച്ചുനേരം നിന്നിരുന്നു. പിന്നീട് അവിടെ നിന്ന് റൺവേയുടെ തെക്കുപടിഞ്ഞാറോട്ട് പോയതായും റിപ്പോർട്ട് ഉണ്ട്.