പയറ്റുവിള–ഇടപ്പുള്ളി റോഡിൽ ദുരിതയാത്ര; വിനയായത് വാട്ടർ അതോറിട്ടിയുടെ പെപ്പിടൽ കുഴികൾ

Tuesday 21 November 2023 1:27 AM IST

ബാലരാമപുരം: കോവളം നിയോജകമണ്ഡലത്തിൽ കോട്ടുകാൽ പഞ്ചായത്തിൽ ഉൾപ്പെട്ട പയറ്റുവിള – ഇടപ്പുള്ളി റോഡിൽ യാത്രാദുരിതമെന്ന് നാട്ടുകാർ. കേരള വാട്ടർ അതോറിട്ടി പൈപ്പിടുന്നതിന്റെ ഭാഗമായി റോഡ് വെട്ടിപ്പൊളിച്ചതാണ് യാത്രക്കാർക്ക് വിനയായത്.

താത്ക്കാലികമായി കുഴി നികത്തിയെങ്കിലും വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. നെല്ലിമൂട് സെന്റ് ക്രിസോസ്റ്റംസ്, ന്യൂ ശിശുവിഹാർ,​ വിവേകാനന്ദ,​ പി.ടി.എം എന്നീ വിദ്യാലയങ്ങളിൽ നിന്നുള്ള സ്കൂൾ വാഹനങ്ങൾ നിത്യേന ഇതുവഴിയാണ് കടന്നുപോകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പൊയ്ത ശക്തമായ മഴയിൽ റോഡിലെ ടാർ പൂർണമായി ഒലിച്ചുപോയി വൻ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.

റോഡ് നശിക്കുന്നു

ദിവസം കഴിയുന്തോറും റോഡ് ബലക്ഷയം നേരിട്ട് ഗതാഗത യോഗ്യമല്ലാതായി മാറുകയാണ്. വാട്ടർ അതോറിട്ടിയുടെ പൈപ്പിടൽ ജോലികൾക്കായി റോഡ് വെട്ടിപ്പൊളിച്ചിട്ട് മാസങ്ങളോളമായി. ഉദ്യോഗസ്ഥവൃന്ദത്തിന് പരാതി നൽകിയാൽപ്പോലും അധികൃതർ ആരും തിരിഞ്ഞു നോക്കാൻ കഴിയാത്ത സ്ഥിതിയാണ്.

റെഡ് സിഗ്നൽ

ഇരുചക്രവാഹനങ്ങൾ റോഡിലെ കുഴിയിലകപ്പെടുന്നതും നിത്യസംഭവമാവുകയാണ്. ഫണ്ടില്ലെന്ന കാരണത്താൽ പഞ്ചായത്ത് അധികൃതരും റോഡിന്റെ പുനരുദ്ധാരണത്തിന് റെഡ് സിഗ്നൽ കാണിച്ചിരിക്കുകയാണ്. ഗ്രാമീണറോഡുകൾ മുഖ്യമന്ത്രിയുടെ ഫണ്ടിൽ നിന്നും സാമാജികരുടെ ഫണ്ടിൽ നിന്നും തുക അനുവദിക്കാറുണ്ട്.

നാട്ടുകാർ രംഗത്ത്

റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പയറ്റുവിള റസിഡന്റ്സ് അസോസിയേഷനും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അസോസിയേഷനിലെ ഇരുന്നൂറിൽപ്പരം താമസക്കാരും പരാതിയുമായി ജനപ്രതിനിധികളെ സമീപിച്ചിരിക്കുകയാണ്.

നിവേദനം നൽകി

റോഡിന്റെ ശോച്യാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പയറ്റുവിള റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജയപ്രകാശ്.കെ,​ സെക്രട്ടറി ശശികുമാർ.എസ്,​ ട്രഷറർ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി,​ ജലസേചന വകുപ്പ് മന്ത്രി,​ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി,​ എം.പി എന്നിവർക്ക് നിവേദനം നൽകിയിരിക്കുകയാണ്. റോഡിന് അടിയന്തര ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് കോവളം എം.എൽ.എയേയും അസോസിയേഷൻ സമീപിച്ചിട്ടുണ്ട്.