മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം,​ യൂത്ത് കോൺഗ്രസുകാരെ സി പി എം പ്രവർത്തകർ മർദ്ദിച്ചു,​ സംഘർഷം

Monday 20 November 2023 8:22 PM IST

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് പ്രവർ‌ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ സംഘർഷം. കല്യാശേരി മണ്ഡലത്തിലെ പഴയങ്ങാടി പൊലീസ് സ്റ്റേഷന് സമീപമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നവകേരള സദസിനുള്ള പ്രത്യേക ബസിന് നേരെ കരിങ്കൊടി കാണിച്ചത്. ഇതിനെ പിന്നാലെ അവിടെ ഉണ്ടായിരുന്ന സി.പി.എം പ്രവർത്തകർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചു.

മര്‍ദ്ദനത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹന്‍ ഉള്‍പ്പെടെ ഏഴ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മാടായിപ്പാറ പാളയം മൈതാനത്ത് നടന്ന നവകേരള സദസ് കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങുമ്പോഴായിരുന്നു വൻ പൊലീസ് സുരക്ഷയെ മറികടന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാരെ പിടിച്ചു മാറ്റുന്നതിനിടെ സി.പി.എം,​ ഡി.വൈ.എഫ്.ഐ പ്രവർത്തകരെത്തി ഇവരെ മർദ്ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധക്കാരെ ഹെൽമെറ്റ് ഉപയോഗിച്ച് തലയ്ക്കടിക്കുന്നതും നിലത്തിട്ടും ചവിട്ടുന്നതും വീഡിയോയിൽ കാണാം. പരിക്കേറ്റവരെ തളിപ്പറമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസിന് നേരെയും സി..പി.എം പ്രവർത്തകർ തട്ടിക്കയറി. സുരക്ഷാ വീഴ്ച ആരോപിച്ചായിരുന്നു പൊലീസിന് നേരെയുള്ള പ്രതിഷേധം,​ അതിനിടെ പഴയങ്ങാടി സ്റ്റേഷനിൽ കരുതൽ തടങ്കലിൽ ഉണ്ടായിരുന്ന യൂത്ത് കോൺഗ്രസ് ,​ എം.എസ്.എഫ് പ്രവർത്തകർ പുറത്തേക്കിറങ്ങുകയും ഇവരെ സ്റ്റേഷൻ കോമ്പൗണ്ടിൽ കയറി ഡി. വൈ.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചതായും ആരോപണമുണ്ട്.

അതേസമയം നവകേരള സദസിന്റെ പേരിൽ സി.പി.എം ക്രിമിനലുകൾ അഴിഞ്ഞാട്ടമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സി.പി.എം ബോധപൂർവം അക്രമം അഴിച്ചുവിടുമ്പോൾ ചലിക്കാതെ നിന്ന പൊലീസ് ക്രിമിനൽ കുറ്റമാണ് ചെയ്തത്. യു.ഡി.എഫ് പ്രവർത്തകരെ കായികമായി നേരിട്ട് നവകേരള സദസ് സംഘടിപ്പിക്കാനാണ് നീക്കമെങ്കിൽ തിരുവനന്തപുരം വരെ മുഖ്യമന്ത്രി കരിങ്കൊടി കാണും , ജനാധിപത്യ പ്രതിഷേധത്തിന്റെ ചൂടറിയുമെന്നും വി.ഡി. സതീശൻ പറഞ്ഞു.