ഡൽഹിയിൽ മലിനീകരണം വീണ്ടും രൂക്ഷം
Tuesday 21 November 2023 4:02 AM IST
ന്യൂഡൽഹി: ഡൽഹിയിലും പ്രാന്തപ്രദേശങ്ങളിലും വായു ഗുണനിലവാരം ഒറ്റരാത്രികൊണ്ട് വീണ്ടും വഷളായി. വരും ദിവസങ്ങളിൽ ആശ്വാസത്തിന് സാദ്ധ്യതയില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. അതിനിടെ സ്‌കൂളുകൾ ഇന്നലെ വീണ്ടും തുറന്നു.
ഡൽഹി വായു ഗുണനിലവാര സൂചിക ഇന്നലെ രാവിലെ 338 രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം കാറ്റിന്റെ വേഗം കൂടിയതിനെ തുടർന്നാണ് വായു മലിനീകരണത്തിൽ നേരിയ ആശ്വാസമുണ്ടായത്. നിർമ്മാണ പ്രവർത്തനങ്ങൾക്കും ട്രക്കുകൾക്കുമുള്ള വിലക്ക് പിൻവലിച്ചിരുന്നു.
യമുനാനദിയിൽ മലിനീകരണത്തെ തുടർന്ന് നുരപൊന്തിയത് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് ബി.ജെ.പി നേതാവ് ഷെഹ്‌സാദ് പൂനവല്ല ആരോപിച്ചു. യമുനയെ ശുദ്ധീകരിക്കാൻ കേന്ദ്രം നൽകിയ കോടികൾ കെജ്‌രിവാൾ സർക്കാർ പരസ്യത്തിനും അഴിമതി നടത്താനും വിനിയോഗിച്ചെന്ന് അദ്ദേഹം പറഞ്ഞു.