23ന് റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രം കാതലിന് ഈ രാജ്യങ്ങളിൽ വിലക്ക്; കാരണം ഇങ്ങനെ

Monday 20 November 2023 11:29 PM IST

മമ്മൂട്ടി, ജ്യോതിക എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കാതൽ ദ കോർ' എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. നവംബർ 23നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ജിയോ ബേബിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ നായികയായി ആദ്യമായാണ് തെന്നിന്ത്യൻ സുന്ദരി ജ്യോതിക എത്തുന്നത്. 12 വർഷത്തിനുശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. എന്നാൽ ചിത്രം റിലീസിന് ഒരുങ്ങുന്നതിനിടെ ചില രാജ്യങ്ങളിൽ സിനിമയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഖത്തർ, കുവെെറ്റ് എന്നിവിടങ്ങളിലാണ് കാതൽ ബാൻ ചെയ്തത്. കാതലിന്റെ ഉള്ളടക്കമാണ് വിലക്കിന് കാരണമെന്നാണ് റിപ്പോർട്ട്. സിനിമയിൽ മമ്മൂട്ടി അഭിനയിക്കുന്ന കഥാപാത്രം സ്വവർഗാനുരാഗിയുടെതാണെന്ന് മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു. നേരത്തെ മോഹൻലാൽ ചിത്രം മോൺസ്റ്ററും ഇവിടെ ബാൻ ചെയ്തിരുന്നു. അന്നും ഉള്ളടക്കമാണ് കാരണമായി പറഞ്ഞത്.

കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയുടെതായി റിലീസിന് ഒരുങ്ങുന്ന സിനിമയാണ് കാതൽ. ലാലു അലക്സ്, മുത്തുമണി, ചിന്നുചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മ​റ്റു താരങ്ങൾ. ഛായാഗ്രഹണം സാലു കെ തോമസ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി ആണ് നിർമ്മാണം. ആദർശ് സുകുമാരനും പോൾസൻ സ്‌കറിയയും ചേർന്നാണ് രചന. വേഫെറെർ ഫിലിംസ് ആണ് വിതരണം.