സി.പി.എമ്മിനെതിരെ സ്വരം കടുപ്പിച്ച് മുസ്ലിംലീഗ്

Tuesday 21 November 2023 12:30 AM IST

കോഴിക്കോട്: നവകേരള സദസിൽ ലീഗ് നേതാവ് പങ്കെടുത്തതും കേരള ബാങ്ക് ഡയറക്ടർ സ്ഥാനം ലീഗ് സ്വീകരിച്ചതും യു.ഡി.എഫിലും ലീഗിലും വിവാദമായിരിക്ക, വിശദീകരണവുമായി ലീഗ് നേതാക്കൾ. ലീഗിനെ കാത്ത് ആരെങ്കിലും അടുപ്പത്ത് വെള്ളം വച്ചിട്ടുണ്ടെങ്കിൽ അത് കളഞ്ഞേക്കണമെന്നായിരുന്നു സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം.

.സി.പി.എമ്മിനെതിരെ പൊതുവേ മയത്തിലുള്ള സമീപനം സ്വീകരിക്കാറുള്ള കുഞ്ഞാലിക്കുട്ടിയും ഇന്നലെ തുറന്നടിച്ചു. എ.കെ. ബാലന് ഭ്രാന്താണെന്നാണ് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടത്. മുസ്ലിം ലീഗ് മുന്നണി മാറുന്നുവെന്നത് മാദ്ധ്യമ സൃഷ്ടിയാണെന്നും യു.ഡി.എഫും ലീഗും തമ്മിലുള്ളത് പൊക്കിൾക്കൊടി ബന്ധമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല യു.ഡി.എഫും ലീഗും തമ്മിലുള്ള ബന്ധം.. കേരള ബാങ്ക് ഡയറക്ടർ സ്ഥാനം കേസ് കൊടുത്താലും ലീഗിന് കിട്ടും. പുനർവിചിന്തനം നടത്തുമോ എന്നതിൽ ഇപ്പോൾ ഒന്നും പറയാനില്ലെന്നും കുഞ്ഞാലിക്കുട്ടി വിവരിച്ചു. ഭ്രാന്ത് പരാമർശം വിവാദമായതോടെ തിരുത്തലുമായി കുഞ്ഞാലിക്കുട്ടി പിന്നീട് രംഗത്തെത്തി. എ.കെ ബാലന് ഭ്രാന്താണെന്നല്ല ഉദ്ദേശിച്ചതെന്നും മുന്നണിമാറ്റ ചർച്ചയെയാണ് അത്തരത്തിൽ പറഞ്ഞതെന്നുമാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

'അധിക കാലം ലീഗ് യു.ഡി.എഫിൽ മുന്നോട്ടില്ല. ഞങ്ങൾ അവരെ എൽ.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടേയില്ല. അവർ യു.ഡി.എഫിൽ നിന്നും മാറാനും തീരുമാനിച്ചിട്ടില്ല. എന്നാൽ കോൺഗ്രസിന്റെ ഇന്നത്തെ ഈ സമീപനത്തോട് യോജിച്ചു കൊണ്ട് അധിക കാലം ലീഗിന് മുന്നോട്ടു പോകാനാകില്ല. മനസ് എൽ.ഡി.എഫിനൊപ്പവും ശരീരം യു.ഡിഎഫിനൊപ്പവും എന്ന നിലയിലാണ് ലീഗ്. അതിന്റെ അർത്ഥം അവർ എൽ.ഡി.എഫിലേക്ക് വരുന്നു എന്നതല്ല. നയപരമായി അവർക്ക് അധിക കാലം അവിടെ യോജിച്ചു പോകാൻ കഴിയില്ല. അത് ലീഗിന്റെ സംഘടനാ രംഗത്തും പ്രശ്‌നങ്ങളുണ്ടാക്കും' ബാലന്റെ ഈ പരാമർശത്തിനായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.

 അടുപ്പത്ത് വച്ച വെള്ളം കളഞ്ഞേക്കണം: തങ്ങൾ
മുസ്ലിംലീഗ് മുന്നണി മാറില്ലെന്നും, ആരെങ്കിലും അതിന്റെ പേരിൽ അടുപ്പത്ത് വെള്ളം വച്ചിട്ടുണ്ടെങ്കിൽ അത് കളഞ്ഞേക്കണമെന്നും ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി . സുൽത്താൻ ബത്തേരിയിൽ ജില്ലാ ലീഗ് കൗൺസിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബാങ്കിന്റെ വാതിലിലൂടെ മുന്നണി മാറേണ്ട ഗതികേട് ലീഗിനില്ല. മാറണമെങ്കിൽ കാര്യകാരണ സഹിതം തുറന്നു പറഞ്ഞ ശേഷമേ അതുണ്ടാകുമെന്നും തങ്ങൾ പറഞ്ഞു. കേരള ബാങ്കിൽ മുസ്ലിം ലീഗ് അംഗം ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ടത് വിവാദമായ സാഹചര്യത്തിലായിരുന്നു തങ്ങളുടെ പ്രതികരണം. മുന്നണി മാറാനായി ചിലർ പറയുന്ന കാരണങ്ങളുടെ ആയിരം ഇരട്ടി മുന്നണിയിൽ ഉറച്ചു നിൽക്കേണ്ടതിന്റെ ആവശ്യകതയാണ് വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ്സിനേയും തങ്ങൾ വിമർശിച്ചു. ജനം തിരസ്‌കരിച്ച ജനസമ്പർക്ക പരിപാടിയാണ് ഇപ്പോൾ നടക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് യഥാർത്ഥ ജനസമ്പർക്ക പരിപാടിയുടെ മാതൃക ലോകത്തിനു മുൻപിൽ അവതരിപ്പിച്ചതെന്നും തങ്ങൾ പറഞ്ഞു.