രാജസ്ഥാനിൽ ബി.ജെ.പി ഹിറ്റ് വിക്കറ്റിൽ പുറത്ത്; പ്രിയങ്ക
ന്യൂഡൽഹി: രാജസ്ഥാൻ കോൺഗ്രസ് നേതാക്കൾക്കിടയിൽ ഭിന്നതയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശനം തള്ളിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി സംസ്ഥാനത്ത് ബി.ജെപി ഇതിനകം ഹിറ്റ് വിക്കറ്റിൽ പുറത്തായെന്ന് തിരിച്ചടിച്ചു. വോട്ടെടുപ്പ് പൂർത്തിയായ ഛത്തീസ്ഗഢിലും മദ്ധ്യപ്രദേശിലും കോൺഗ്രസ് അനായാസം വിജയിക്കുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അജ്മീരിൽ റാലിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
കോൺഗ്രസിനുള്ളിൽ നേതാക്കൾ സമ്പൂർണ ഐക്യത്തിലാണെന്നും എല്ലാവരും അവരവരുടെ മികച്ച സംഭാവനകൾ നൽകുന്നുണ്ടെന്നും അവർ പറഞ്ഞു. എന്നാൽ ബി.ജെ.പിയിൽ മുതിർന്ന നേതാക്കളെ ഒതുക്കിയെന്നും മുൻ മുഖ്യമന്ത്രി വസുന്ധര രാജെയെ പരോക്ഷമായി സൂചിപ്പിച്ച് പ്രിയങ്ക പറഞ്ഞു. സംസ്ഥാനത്ത് ബി.ജെ.പി ചിതറിയ നിലയിലാണ്. ചൂണ്ടിക്കാണിക്കാൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിപോലുമില്ല.
വോട്ടിനായി മതം ഉപയോഗിക്കുന്ന ബി.ജെ.പിയെ വിശ്വസിക്കരുതെന്നും. ഒരു നേതാവിന്റെ ഏറ്റവും വലിയ മതം ജനങ്ങൾക്കുള്ള സേവനമായിരിക്കണം. മതത്തിന്റെ പേരിൽ വോട്ടുറപ്പിച്ച് ബി.ജെ.പി നേതാക്കൾ തിരഞ്ഞെടുപ്പിനെ നിസ്സാരമായി കണ്ടെന്നും അവർ ആരോപിച്ചു.
18 വർഷമായി അധികാരത്തിലിരുന്ന മദ്ധ്യപ്രദേശിൽ ജനങ്ങൾക്ക് വേണ്ടി ചെയ്തതായി കാണിക്കാൻ ഒരു കാര്യവും ബി.ജെ.പിക്കില്ല. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ അഞ്ച് വർഷത്തിനിടെ രണ്ട് ലക്ഷം തൊഴിലവസരങ്ങൾ നൽകി. ബി.ജെ.പി ഭരണത്തിൽ സമ്പന്നർ കൂടുതൽ സമ്പന്നരാകുകയും ദരിദ്രർ കൂടുതൽ ദരിദ്രരാകുകയും ചെയ്യുകയാണ്. പെട്രോൾ,ഡീസൽ,ഗ്യാസ് സിലിണ്ടർ തുടങ്ങിയവയുടെ വില നിയന്ത്രിക്കുന്നത് കേന്ദ്ര സർക്കാരായിട്ടും ജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. സച്ചിൻ പൈലറ്റും ചടങ്ങിൽ സംസാരിച്ചു.