കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരവും തഥൈവ !

Tuesday 21 November 2023 1:43 AM IST

  • കർഷകർക്ക് നൽകാനുള്ളത് അഞ്ചര കോടിയിലേറെ രൂപ

തൃശൂർ : പ്രകൃതിക്ഷോഭത്തിൽ കൃഷിനാശം സംഭവിച്ച കർഷകർ രണ്ട് വർഷത്തിലേറെയായി അപേക്ഷ സമർച്ചിട്ടും നഷ്ടപരിഹാരം ലഭിക്കാതെ നട്ടം തിരിയുന്നു. അഞ്ചര കോടിയിലേറെ രൂപയാണ് ലഭിക്കാനുള്ളത്. നെല്ല് സംഭരണം ഉൾപ്പെടെ തകരാറിലാവുകയും സംഭരിച്ച നെല്ലിന് ഒരു വർഷമായിട്ടും തുക ലഭിക്കാതിരിക്കുകയും ചെയ്യുന്ന കർഷകർക്ക് പ്രകൃതിക്ഷോഭത്തിലെ നാശത്തിനും നഷ്ടപരിഹാരം ലഭിക്കുന്നില്ല.

7600ൽ ഏറെ കർഷകരാണ് നഷ്ടപരിഹാരം കാത്ത് കിടക്കുന്നത്. മുൻകൂർ പണമടച്ച് വിള ഇൻഷ്വർ ചെയ്യുകയും പിന്നീട് നഷ്ടം സംഭവിച്ചിട്ടും അതിന്റെ തുക പോലും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുന്നില്ലെന്നും കർഷകർ പറയുന്നു. 876 കർഷകർക്കാണ് വിള ഇൻഷ്വർ തുക ലഭിക്കാനുള്ളത്. 1.89 കോടിയാണ് നൽകാനുള്ളത്. കൃഷിനാശം സംഭവിച്ചാലും പലരും ഇപ്പോൾ അപേക്ഷ പോലും സമർപ്പിക്കുന്നില്ല. വർഷങ്ങളായി പലരും ബന്ധപ്പെട്ട ഓഫീസിൽ കയറിയിറങ്ങുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നഷ്ടപരിഹാരം വൈകുന്നതിന് പിന്നിലെന്നാണ് വിശദീകരണം.

സർക്കാർ നൽകാനുള്ളത് 5.50 കോടി

പ്രകൃതിക്ഷോഭത്തിൽ കൃഷി നശിച്ചവർക്ക് സംസ്ഥാന സർക്കാർ ഇതുവരെ നൽകാനുള്ളത് അഞ്ചരക്കോടിയാണ്. 2021 മേയ് 18 വരെയുള്ള അപേക്ഷകൾക്ക് മാത്രമാണ് തുക അനുവദിച്ചത്. വരൾച്ച, കാലവർഷക്കെടുതി എന്നിവയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിക്കുക. ഇനിയും 7,663 പേർക്ക് സഹായം ലഭിക്കാനുണ്ട്. കൃഷി നാശം സംഭവിച്ചാൽ ഒട്ടനവധി നൂലാമാലകൾ കടന്നാലേ ഫണ്ട് ലഭിക്കുകയുള്ളൂ. അതിന് വർഷങ്ങൾ കാത്തിരിക്കണം. കൃഷിനാശം സംഭവിച്ചാൽ കൃഷി ഓഫീസർമാർ വഴി പ്രാഥമിക റിപ്പോർട്ട് നൽകുമെങ്കിലും പിന്നീട് കൃഷി നാശം സംഭവിച്ച സ്ഥലത്തെ ഫോട്ടോയും മറ്റ് ബന്ധപ്പെട്ട രേഖകളും സമർപ്പിച്ചാലേ അപേക്ഷ സ്വീകരിക്കൂ. നെല്ല്, വാഴ, കവുങ്ങ്, ജാതി, പച്ചക്കറി എന്നിവയാണ് കൂടുതലായി നശിച്ചിട്ടുള്ളത്.

കേന്ദ്ര സഹായവും കുടിശിക

സംസ്ഥാന സർക്കാരുമായി താരതമ്യപ്പെടുത്തിയാൽ നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രസർക്കാർ ഒരു പടി മുന്നിലാണെന്ന് പറയാം. 2022 മാർച്ച് 31 വരെയുള്ള അപേക്ഷകളിൽ കേന്ദ്ര വിഹിതം വിതരണം ചെയ്തിട്ടുണ്ട്. 2023 ലെ അപേക്ഷകളിലാണ് തുക നൽകാനുള്ളത്. മൊത്തം നഷ്ടത്തിന്റെ ഏകദേശം പതിനഞ്ച് ശതമാനത്തോളം തുകയാണ് കേന്ദ്ര സർക്കാർ അനുവദിക്കുന്നത്.

വിള ഇൻഷ്വറൻസ് നൽകിയത് 2022 ജൂലായ് വരെ

ഇനി തുക ലഭിക്കാനുള്ള കർഷകർ 876

നൽകാനുള്ള തുക 1.89 കോടി

പ്രകൃതി ക്ഷോഭത്തിൽ നഷ്ടപരിഹാരം നൽകിയത് 2021 മേയ് 18 വരെ

ഇനി നൽകാനുള്ളത് 5.50 കോടി

ലഭിക്കാനുള്ള കർഷകർ 7663.