പൂരത്തിന്റെ നാട്ടുകാർ ബെൽഫാസ്റ്റില്‍ നടത്തിയ തൃശ്ശൂർ ജില്ലാ സംഗമം അതിഗംഭീരമായി

Tuesday 21 November 2023 9:27 AM IST

ലണ്ടൻ: ബ്രിട്ടനിലെ ശക്തന്റെ നാട്ടുകാർ നോര്‍ത്തേണ്‍ അയര്‍ലന്റിന്റെ തലസ്ഥാനനഗരമായ ബെല്‍ഫാസ്റ്റില്‍ നടത്തിയ തങ്ങളുടെ ജില്ലാ കുടുംബസംഗമം വര്‍ണ്ണശബളമായി. ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ബെല്‍ഫാസ്റ്റിലെ ഡണ്‍മുറി കമ്മ്യൂണിറ്റി അസോസിയേഷന്‍ ഹാളില്‍ നടത്തിയ ഏഴാമത് ജില്ലാ കുടുംബസംഗമം നോര്‍ത്തേണ്‍ അയര്‍ലന്റിലെ ജില്ലാ നിവാസികളുടെ ശക്തമായ സാന്നിദ്ധ്യവും വൈവിദ്ധ്യമായ കലാപരിപാടികളും കൊണ്ട് മറ്റൊരു നവ്യാനുഭവമായി മാറി.

കൊവിഡ് ആരംഭിക്കുന്നതിനുമുമ്പ് ഓക്‌സ്‌ഫോര്‍ഡില്‍ നടത്തിയ കഴിഞ്ഞ ജില്ലാ സംഗമത്തിനുശേഷം സംഘടനയുടെ രക്ഷാധികാരിയായിരുന്ന ടി. ഹരിദാസിന്റെ നിര്യാണത്തിൽ, ബ്രിട്ടനിലെ പ്രമുഖ എഴുത്തുകാരിയായിരുന്ന സിസിലി ജോര്‍ജ്, ജില്ലാ സംഗമത്തിന്റെ മുന്‍ സംഘാടകനായിരുന്ന മോഹന്‍ദാസ് കുന്നന്‍ചേരി എന്നിവർ അനുശോചിച്ചുകൊണ്ട് ഒരുമിനിറ്റ് എഴുന്നേറ്റുനിന്ന് മൗനം ആചരിച്ചു. ബ്രിട്ടനിലെ അറിയപ്പെടുന്ന തുറമുഖ നഗരമായ ബെല്‍ഫാസ്റ്റിലെ തൃശ്ശൂര്‍ ജില്ലാ നിവാസികള്‍ രാവിലെ മുതലുള്ള മഴയെ കൂസാതെ തങ്ങളുടെ ജില്ലാ കുടുംബസംഗമത്തിൽ ഡണ്‍മുറി കമ്മ്യൂണിറ്റി അസോസിയേഷന്‍ ഹാളിനെ ലക്ഷ്യംവച്ച് വന്നുകൊണ്ടിരുന്നു. ദീപ്തിയുടെ ഈശ്വരപ്രാര്‍ത്ഥനയോടെ തുടങ്ങിയ സമ്മേളനത്തില്‍ നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കള്‍ നിലവിളക്കില്‍ ഭദ്രദീപം കൊളുത്തി ജില്ലാസംഗമം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃവേദിയുടെ പ്രസിഡന്റ് അഡ്വ.ജെയ്‌സണ്‍ ഇരിങ്ങാലക്കുട അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന് ആശംസകളര്‍പ്പിച്ചുകൊണ്ട് നേതാക്കളായ ഡേവീസ് ചുങ്കത്ത്, റെയ്‌നോ പോള്‍, ഡിറ്റോ ജോസ് എന്നിവര്‍ പ്രസംഗിച്ചു. ജോസ് പൗലോസ് സ്വാഗതവും മിനി ഡേവീസ് നന്ദിയും പറഞ്ഞു. റാഫില്‍ ടിക്കറ്റ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സംഘടനയുടെ പ്രസിഡന്റ് അഡ്വ.ജെയ്‌സന്‍ ഇരിങ്ങാലക്കുട നല്‍കി.