അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പൂജാരിമാരാകാൻ അപേക്ഷിച്ചത് 3000പേർ; അഭിമുഖം തുടരുന്നു

Tuesday 21 November 2023 1:04 PM IST

ന്യൂഡൽഹി: അയോദ്ധ്യയിൽ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന രാമക്ഷേത്രത്തിൽ പൂജാരിമാരുടെ ഒഴിവിലേയ്‌ക്ക് അപേക്ഷിച്ചത് 3000പേർ. ഇവരിൽ 200പേരെ അഭിമുഖ പരീക്ഷയ്‌ക്കായി തിരഞ്ഞെടുത്തു, ഇതിൽ 20പേർക്കാണ് നിയമനം ലഭിക്കുക. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റാണ് പൂജാരിമാരുടെ അഭിമുഖത്തിന് അപേക്ഷ ക്ഷണിച്ചത്.

അപേക്ഷ നൽകിയവരിൽ നിന്ന് മെറിറ്റ് അടിസ്ഥാനത്തിലാണ് അഭിമുഖത്തിനായി 200പേരുടെ ചുരുക്ക പട്ടിക തയാറാക്കിയത്. ഇവർക്കായുള്ള അഭിമുഖം അയോദ്ധ്യയിലെ വിശ്വഹിന്ദു പരിഷത്തിന്റെ ആസ്ഥാനമായ കർസേവക് പുരത്ത് നടന്നുകൊണ്ടിരിക്കുകയാണ്. മൂന്നുപേരടങ്ങുന്ന സമിതിയാണ് അഭിമുഖം നടത്തുന്നത്. വൃന്ദാവനത്തിൽ നിന്നുള്ള ഹിന്ദു മത പ്രഭാഷകൻ ജയ്‌കാന്ത് മിശ്ര, അയോദ്ധ്യയിലെ മഹന്തുമാരായ മിഥിലേഷ് നന്ദിനി ശരൺ, സത്യനാരായണ ദാസ് എന്നിവരാണ് അഭിമുഖം നടത്തുന്നത്.

എന്താണ് സന്ധ്യാ വന്ദനം, അതിന്റെ നടപടിക്രമങ്ങളും മന്ത്രങ്ങളും എന്തൊക്കെയാണ്?, ശ്രീരാമനെ ആരാധിക്കുന്നതിനുള്ള മന്ത്രങ്ങൾ എന്തൊക്കെയാണ്? അതിനുള്ള കർമ കാണ്ഡം എന്താണ്? തുടങ്ങിയ ചോദ്യങ്ങളാണ് അഭിമുഖത്തിൽ പങ്കെടുക്കുന്നവർക്ക് നേരിടേണ്ടി വരുന്നത്. ഇതിൽ തിരഞ്ഞെടുക്കപ്പെടുന്ന 20പേർക്ക് ആറ് മാസത്തെ പരിശീലനം നൽകും.

അഭിമുഖത്തിനായി വന്ന മറ്റുള്ളവർക്കും പരിശീലനത്തിൽ പങ്കെടുക്കാം. ഇവർക്ക് സർട്ടിഫിക്കറ്റ് നൽകും. ഭാവിയിൽ ഒഴിവ് വരുമ്പോൾ ഇവരെ പരിഗണിക്കും. വിവിധ മത പണ്ഡിതരും സന്യാസിമാരും തയ്യാറാക്കുന്ന സിലബസിന്റെ അടിസ്ഥാനത്തിലാണ് പരിശീലനം. പരിശീലനം നടക്കുന്ന ആറ് മാസം താമസവും ഭക്ഷണവും സൗജന്യമാണ്. കൂടാതെ മാസം 2000 രൂപ സ്റ്റൈപ്പൻഡും നൽകും.