ശമ്പളമായി ലക്ഷങ്ങൾ, പുറമേ പോക്കറ്റ് മണി, താമസിക്കാൻ പഞ്ചനക്ഷത്ര ഹോട്ടലുകൾ, സൗജന്യ ഭക്ഷണം; വിവാഹം കഴിഞ്ഞവർക്കും കുട്ടികളുള്ളവർക്കും എയർ ഹോസ്റ്റസ് ആകാം

Tuesday 21 November 2023 4:23 PM IST

സ്വപ്‌നം എന്നാല്‍ ഉറക്കത്തില്‍ കാണുകയും ഉണരുമ്പോള്‍ മാഞ്ഞുപോകുകയും ചെയ്യുന്നതല്ല, മറിച്ച് ഉറങ്ങാന്‍ അനുവദിക്കാത്ത തരത്തില്‍ നമ്മെ വേട്ടയാടുന്നതായിരിക്കണമെന്നാണ് ഡോ എ പി ജെ അബ്ദുള്‍ കലാം ലോകത്തോട് വിളിച്ചുപറഞ്ഞത്. ഇത് സ്വപ്‌നത്തിന് നല്‍കിയ പുതിയ ഒരു നിര്‍വചനമായിരുന്നു. ഇങ്ങനെ ഒരുപാട് ആഗ്രഹിച്ചിട്ടും നടക്കാതെ പോയ നിങ്ങളുടെ സ്വപ്നമാണോ എയർ ഹോസ്റ്റസ് ആവുക എന്നത്? എന്നാൽ, വിഷമിക്കേണ്ട, വിവാഹം കഴിഞ്ഞു, കുട്ടികളുണ്ട് തുടങ്ങിയ ഒന്നും നിങ്ങളുടെ ആഗ്രഹത്തെ ബാധിക്കില്ല. ഇതിനായി ചെയ്യേണ്ടത് എന്താണെന്നും ഈ ജോലി ലഭിച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് കിട്ടാൻ പോകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്നും നോക്കാം.

യോഗ്യത

  • ഉയരം: സ്ത്രീകൾക്ക് കുറഞ്ഞത് 157 സെന്റിമീറ്റർ, പുരുഷന്മാർക്ക് കുറഞ്ഞത് 170 സെന്റിമീറ്റർ
  • പ്രായം: 18 മുതൽ 27 വരെയാകാം.
  • വിദ്യാഭ്യാസം: പ്ലസ് ടു / ഏവിയേഷനിൽ ഡിപ്ലോമ/ ഏവിയേഷനിൽ ഡിഗ്രി
  • കണ്ണട കൂടാതെ നല്ല കാഴ്ചശക്തി ഉണ്ടാവണം.
  • ഉയരത്തിനനുസരിച്ചുള്ള ശരീരഭാരം.
  • ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാൻ കഴിയണം. ഇന്ത്യയിലാണെങ്കിൽ നന്നായി ഹിന്ദിയും സംസാരിക്കണം.
  • പാസ്‌പോർട്ട് ഉണ്ടായിരിക്കണം.
  • ആകർഷകമായ മുഖം, നല്ല ദന്തനിര, പ്രസന്നമായ പെരുമാറ്റം, വിനയത്തോടെയും ക്ഷമയോടെയും സംസാരിക്കാനുള്ള കഴിവ്, നല്ല വ്യക്തിത്വം.

എയർലൈൻ കമ്പനികൾ അനുസരിച്ച് യോഗ്യതയുടെ കാര്യത്തിൽ നേരിയ വ്യത്യാസങ്ങൾ വരാം.

ശമ്പളം

ഒരു എയർ ഹോസ്റ്റസിന്റെ ശരാശരി ശമ്പളം 4.80 ലക്ഷം മുതൽ 6.75 ലക്ഷം വരെയാണ്. എന്നിരുന്നാലും ഓരോ വിമാന കമ്പനികൾ അനുസരിച്ച് ശമ്പളത്തിൽ മാറ്റം വരും. ഇതിന് പുറമേ അധിക ജോലി ചെയ്യുകയാണെങ്കിൽ മണിക്കൂർ അനുസരിച്ച് പ്രത്യേകം ശമ്പളം ലഭിക്കും. താമസത്തിനായി പഞ്ചനക്ഷത്ര ഹോട്ടലുകൾ, ഭക്ഷണം എന്നിവ ഒരുക്കും. പോക്കറ്റ് മണിയായി നല്ലൊരു തുക കമ്പനികൾ നൽകും.

ഉത്തരവാദിത്തങ്ങൾ

എയർലൈനുകൾ തമ്മിൽ കിടമത്സരം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇൻഫ്ലൈറ്റ് സേവനങ്ങളുടെ ഗുണമേന്മ വാണിജ്യപരമായി നിർണായകമാണ്‌. അതിനാൽത്തന്നെ യാത്രക്കാരുമായി ഇടപഴകേണ്ടി വരുന്ന എയർ ഹോസ്റ്റസുമാരുടെ പെരുമാറ്റം വളരെയധികം പ്രധാനമാണ്.

  • യാത്രക്കാരെ പുഞ്ചിരിയോടെ വണങ്ങി അവരുടെ സീറ്റുകളിൽ കൊണ്ടിരുത്തുക.
  • ഹാൻഡ് ബാഗേജ് യഥാസ്ഥാനത്ത് വയ്‌ക്കാൻ സഹായിക്കുക.
  • സീറ്റ് ബെൽറ്റിട്ടു എന്ന് ഉറപ്പുവരുത്തുക.
  • സുരക്ഷ സംബന്ധിച്ച അറിയിപ്പുകൾ നൽകുക.
  • ഓക്സിജൻ മാസ്ക്, ലൈഫ് ജാക്കറ്റ് എന്നിവ ഉപയോഗിക്കേണ്ട രീതികൾ പ്രദർശിപ്പിക്കുക.
  • വിമാനത്തിന്റെ വാതിലുകൾ കൃത്യമായി അടച്ചുവെന്ന് ഉറപ്പുവരുത്തുക.
  • വിമാനത്തിനുള്ളിലെ ശുചിത്വം ഉറപ്പുവരുത്തുക.

പെരുമാറ്റം

വിമാനത്തിനുള്ളിൽ യാത്രക്കാർ അപൂർവമായാണെങ്കിലും മോശമായി പെരുമാറിയേക്കാം. എന്നാൽ തിരിച്ച് അതുപോലെ പ്രതികരിക്കാൻ പാടില്ല. സാമാന്യം വൈദ്യ പരിശീലനം എയർ ഹോസ്റ്റസുമാർക്ക് നൽകും. വിമാനത്തിൽ വച്ച് പെട്ടെന്നുണ്ടാകുന്ന രോഗങ്ങൾക്ക് കരുതിയിരിക്കുന്ന മരുന്നുകൾ നൽകണം.

വിവാഹം

ജോലിയിൽ പ്രവേശിക്കുമ്പോൾ വിവാഹിതരായിരിക്കരുത് എന്ന മാനദണ്ഡം തുടക്കക്കാർക്കായി ചില ഇന്ത്യൻ എയർലൈനുകൾ വയ്‌ക്കാറുണ്ട്. എന്നാൽ, വിദേശ കമ്പനികളിൽ ഇത് ബാധകമല്ല. ഇനി വിവാഹിതരായവർ ഗർഭിണിയാണെന്ന് അറിഞ്ഞാൽ അവരെ ഫ്ലൈറ്റ് ഡ്യൂട്ടിയിൽ നിന്ന് മാറ്റി നിർത്തും. കുഞ്ഞിന്റെ സുരക്ഷയ്‌ക്ക് വേണ്ടിയാണിത്. കൂടാതെ ആറ് മാസം പ്രസവാവധിയും ഇവർക്ക് അനുവദിക്കും.

സൗന്ദര്യം

സൗന്ദര്യം എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് നിറമല്ല. എല്ലാ മാസവും ഇവരുടെ ശരീരഭാരം പരിശോധിക്കും. ഉയരത്തിനനുസരിച്ചുള്ള ശരീരഭാരത്തിൽ കൂടാൻ പാടില്ല. മുഖക്കുരുവോ പാടുകളോ ഇല്ലാത്ത ക്ലിയർ ചർമമാണ് വേണ്ടത്. മുഖത്ത് പ്രകടമായ പാടോ കരുവാളിപ്പോ ഉണ്ടാകാൻ പാടുള്ളതല്ല. മേക്കപ്പിട്ട് മറയ്‌ക്കാൻ കഴിയുന്ന ഒന്നോ രണ്ടോ മുഖക്കുരു ആണെങ്കിൽ പ്രശ്നമില്ല. എണ്ണമയമുള്ളതോ നരച്ചതോ ആയ മുടി പാടില്ല. ഹെയർ സെറ്റിംഗ് സ്പ്രേ ഉപയോഗിച്ച് മുടി നന്നായി ഒതുക്കി വയ്‌ക്കണം.

എയർ ഹോസ്റ്റസ് പരിശീലന സ്ഥാപനങ്ങൾ

  • Frankfinn Institute of Air Hostess Training, Thiruvananthapuram, Kochi, Kozhikode, Delhi, Mumbai etc.

  • IATA Cabin Crew Training: Speedwings Academy for Aviation Studies, Kochi/Institute of Air Travel Studies Adoor, Cochin/Alhind Academy, Calicut/VIMS Aviation & Hospitality Thiruvananthapuram, Kayamkulam, Pathanamthitta/Vision Academy, Thrissur, Calicut.

  • Air India Cabin Crew Training School (CCTS), Hyderabad.

  • PTC Aviation Academy, Chennai, Bengaluru .

  • Indira Gandhi Institute of Aeronautics–New Delhi, Jaipur.

  • WingsWay Global Training Academy, Hyderabad: IATA Airline Cabin Crew Training for Leadership & Management.