രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ യാത്രക്കാരനെ വിശദമായി പരിശോധിച്ചു, ഒന്നും കിട്ടിയില്ല; രണ്ട് കോടിയുടെ 'സാധനം' കടത്തിയത് ജ്യൂസ് പാക്കറ്റിൽ
ന്യൂഡൽഹി: സ്വർണക്കടത്തിൽ പുതുവഴികൾ തേടി കള്ളക്കടത്തുകാർ. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജ്യൂസ് പാക്കറ്റുകളിൽ ഒളിപ്പിച്ച നിലയിൽ യാത്രക്കാരനിൽ നിന്ന് നാല് കിലോ സ്വർണമാണ് പിടികൂടിയത്. ബാങ്കോക്കിൽ നിന്നെത്തിയ യാത്രക്കാരനാണ് കസ്റ്റംസിന്റെ പിടിയിലായത്.
വിപണിയിൽ രണ്ട് കോടിയിലധികം വില വരുന്ന സ്വർണമാണ് പിടികൂടിയത്. ഇന്ത്യക്കാരൻ തന്നെയാണ് പിടിയിലായതെന്നാണ് റിപ്പോർട്ടുകൾ. ജ്യൂസ് പാക്കറ്റുകളിൽ ബിസ്‌കറ്റ് രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ പരിശോധിച്ചത്. എന്നാൽ ആദ്യം സ്വർണമൊന്നും കണ്ടെത്താനായില്ല.
തുടർന്ന് ജ്യൂസ് പാക്കറ്റിന്റെ അസാധാരണ ഭാരത്തിൽ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. തുടർന്ന് യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും, സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും കസ്റ്റംസ് അറിയിച്ചു.
അതേസമയം,വിമാനത്തിലെ ടോയ്‌ലെറ്റിൽനിന്ന് രണ്ട് കോടിയിലേറെ രൂപ വിലവരുന്ന മൂന്നര കിലോ സ്വർണം ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസ് (ഡി.ആർ.ഐ) കണ്ടെത്തി. ഇന്നലെ രാവിലെ ബഹ്റിനിൽനിന്ന് കൊച്ചിയിലേക്ക് വന്ന ഇൻഡിഗോ വിമാനത്തിന്റെ ടോയ്‌ലെറ്റിൽനിന്നാണ് സ്വർണം കണ്ടെത്തിയത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം ശക്തമാക്കി.