എട്ടാം ക്ളാസുകാരിയുടെ കൈ തല്ലിയൊടിച്ചു; അദ്ധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, വീട്ടുകാരെ അറിയിച്ചില്ലെന്നും പരാതി

Wednesday 22 November 2023 12:00 PM IST

കണ്ണൂർ: എട്ടാംക്ലാസുകാരിയെ തല്ലി കൈയൊടിച്ച അദ്ധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ്പ്രകാരം കേസ്. പാച്ചേനി ഗവ. ഹൈസ്‌കൂളിലെ സാമൂഹ്യശാസ്ത്രം അദ്ധ്യാപകൻ ഏമ്പേറ്റിലെ കെ. മുരളിക്കെതിരെയാണ് കേസെടുത്തത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം.

എട്ടാംക്ലാസിൽ പഠിക്കുന്ന വായാട്ട് സ്വദേശിയായ 13കാരിയെയാണ് അദ്ധ്യാപകൻ വടികൊണ്ട് മർദ്ദിച്ചത്. കൈ നീരുവച്ച് വീർത്ത് കുട്ടി കരഞ്ഞുകൊണ്ടിരുന്നുവെങ്കിലും ഉച്ചക്ക് ഒന്നരമണിയോടെയാണ് സ്‌കൂൾ അധികൃതർ കുട്ടിയുടെ വീട്ടിൽ വിവരമറിയിച്ചത്. ഉടൻ തന്നെ സ്‌കൂളിലെത്തിയ രക്ഷിതാക്കൾ കുട്ടിയെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെത്തിച്ചു.

കൈയുടെ എല്ല് പൊട്ടി നീരുവച്ചതിനാൽ പ്ലാസ്റ്ററിട്ടിരിക്കുകയാണ്. നോട്സ് എഴുതി പൂർത്തിയാക്കാത്തതിന് അദ്ധ്യാപകൻ ക്ലാസിലെ മറ്റ് ചില കുട്ടികളെയും തല്ലിയെന്നാണ് വിവരം. പരിക്കേറ്റ കുട്ടിയെ മണിക്കൂറുകൾ കഴിഞ്ഞിട്ടും ആശുപത്രിയിലെത്തിക്കുകയോ രക്ഷിതാക്കളെ അറിയിക്കുകയോ ചെയ്യാതിരുന്ന സ്‌കൂൾ അധികൃതരുടെ സമീപനത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇന്നലെ യൂത്ത്‌ ലീഗ്-എം.എസ്.എഫ് പ്രവർത്തകർ സ്‌കൂളിലേക്ക് പ്രതിഷേധമാർച്ച് നടത്തിയിരുന്നു.

കഴിഞ്ഞ ഒക്‌ടോബറിൽ ആറാം ക്ളാസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ട്യൂഷൻ അദ്ധ്യാപകനെതിരെ പരാതി ഉയർന്നിരുന്നു. കൊല്ലത്തായിരുന്നു സംഭവം നടന്നത്. പട്ടത്താനം അക്കാദമി ട്യൂഷൻ സെന്ററിലെ അദ്ധ്യാപകനായ റിയാസിനെതിരെയാണ് മാതാപിതാക്കൾ പരാതി ഉന്നയിച്ചത്. ഹോംവർക്ക് ചെയ്തില്ലെന്ന കാരണത്താലാണാണ് കുട്ടിയെ മ‌ർ‌ദ്ദിച്ചതെന്ന് മാതാപിതാക്കൾ വ്യക്തമാക്കിയിരുന്നു.

കള്ളം പറഞ്ഞുവെന്ന പേരിലാണ് കുട്ടിയെ മ‌ർദ്ദിച്ചത്. പതിനഞ്ചിൽ കൂടുതൽ അടി കുട്ടിക്ക് ഒരേസ്ഥലത്തുതന്നെ കൊണ്ടിരുന്നു. സംഭവത്തിൽ മാതാപിതാക്കൾ പൊലീസിലും ആശുപത്രി അധികൃതർ ചൈൽഡ് ലൈനിലും പരാതി നൽകിയിരുന്നു.

Advertisement
Advertisement