തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് ഒരു കോടി രൂപ വീതം പിഴ, ബാബാ രാംദേവിന്റെ പതഞ്ജലിക്ക് സുപ്രീം കോടതിയുടെ താക്കീത്

Wednesday 22 November 2023 1:21 PM IST

ന്യൂഡൽഹി: യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലിയുടെ ഉത്പന്നങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകുന്നത് പിൻവലിക്കണമെന്ന് സുപ്രീം കോടതി. തെറ്റിദ്ധാരണയുണ്ടാക്കുന്ന പരസ്യങ്ങൾ നൽകുന്നത് തുടർന്നാൽ ഒരു കോടി രൂപ വീതം ഓരോ പരസ്യത്തിനും പിഴ ഈടാക്കുമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്.

ഹെർബൽ ഉത്പന്നങ്ങൾ എന്ന പേരിൽ വിൽക്കുന്ന മരുന്നുകൾ വിവിധ അസുഖങ്ങൾ സുഖപ്പെടുത്തുമെന്നതാണ് കമ്പനിയുടെ അവകാശവാദം. ഇതുമായി ബന്ധപ്പെട്ട് നൽകുന്ന പരസ്യങ്ങൾ തെറ്റായ സന്ദേശം നൽകുന്നവയാണെങ്കിൽ പിഴയൊടുക്കണമെന്നതാണ് കോടതിയുടെ നിർദേശം.

ഇത്തരം പരസ്യങ്ങൾ ഇനിയും ശ്രദ്ധയിൽപ്പെട്ടാൽ അതിനെ ഗൗരവതരമായി കാണേണ്ടിവരുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിച്ച സുപ്രീം കോടതി നിരീക്ഷിച്ചത്. ജസ്റ്റിസുമാരായ അഹ്സാനുദ്ദീൻ അമാനുള്ള, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.

വാക്സിനേഷൻ, ആധുനിക വൈദ്യശാസ്ത്രം എന്നിവയ്‌ക്കെതിരെ ബാബാ രാംദേവ് നടത്തുന്ന പരാമർശങ്ങൾ തുടങ്ങിയവ ചൂണ്ടിക്കാണിച്ച് സുപ്രീം കോടതി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കത്തയച്ചിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന് എതിരായി പ്രചാരണം നടത്തരുതെന്ന് അന്ന് കോടതി നിർദേശിച്ചിരുന്നു.

തെറ്റിദ്ധാരണയുണ്ടാക്കുന്ന ഇത്തരം പരസ്യങ്ങൾക്ക് പരിഹാരം നിർദേശിക്കാൻ കോടതിയിൽ കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ കൗൺസിലിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.