കനേഡിയൻ പൗരൻമാർക്ക് ഇ-വിസ സർവീസ് പുനരാരംഭിച്ച് ഇന്ത്യ, നടപടി രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം

Wednesday 22 November 2023 2:42 PM IST

ന്യൂഡൽഹി: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കനേഡിയൻ പൗരൻമാർക്കുള്ള ഇ-വിസ സർവീസ് പുനരാരംഭിച്ച് കേന്ദ്ര സർക്കാർ. ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ വധിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യ - കാനഡ നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴുകയും തുടർന്ന് വിസ അനുവദിക്കുന്നത് ഇന്ത്യ നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. സെപ്റ്റംബർ 21നായിരുന്നു അനിശ്ചിത കാലത്തേക്കുള്ള നിർത്തിവയ്ക്കൽ നടപടി പ്രാബല്യത്തിൽ വന്നത്.

ടൂറിസ്റ്റ് വിസ, ബിസിനസ്, മെഡിക്കൽ വിസ ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങൾ പുനരാരംഭിച്ചിട്ടുണ്ട്. കനേഡിയൻ പൗരത്വമുള്ള നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡിയൻ ആരോപണത്തിന് പിന്നാലെയായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും പൗരൻമാർക്ക് ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിരുന്നു.

ഇന്ത്യൻ ഏജൻസികളുടെ അറിവോടെയാണ് നിജ്ജാറിന്റെ കൊലപാതകം എന്നാണ് കാനഡ ആരോപിച്ചത്. എന്നാൽ തങ്ങൾക്ക് അതിൽ ഒരു പങ്കും ഇല്ലെന്ന് ഇന്ത്യ ആവർത്തിച്ച് നിഷേധിച്ചു. അടിസ്ഥാനരഹിതമായ ആരോപണമാണ് കാനഡയുടെ ഭാഗത്ത് നിന്നുള്ളതെന്നും ആരോപിക്കുന്ന കാര്യങ്ങൾക്ക് തെളിവ് ഹാജരാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുന്നുവെങ്കിൽ അതുമായി സഹകരിക്കാൻ ബുദ്ധിമുട്ടില്ലെന്നും എന്നാൽ തെളിവില്ലാത്ത ആരോപണങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന തങ്ങളുടെ ആരോപണം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. സ്വന്തം രാജ്യത്ത് നിന്ന് ഉൾപ്പെടെ വലിയ വിമർശനമാണ് ട്രൂഡോയ്ക്ക് ഈ സംഭവത്തെ തുടർന്ന് ഏറ്റുവാങ്ങേണ്ടി വന്നത്.

ഈ വർഷം ജൂണിലാണ് ഒരു ഗുരുദ്വാരയ്ക്ക് മുന്നിൽ വെച്ച് 45കാരനായ ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടത്. കാറിൽ വിശ്രമിക്കുകയായിരുന്ന നിജ്ജാറിനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇന്ത്യയിൽ നിന്ന് കുടുംബസമേതം കാനഡയിലേക്ക് കുടിയേറിയ വ്യക്തിയാണ് നിജ്ജാർ. 2020ൽ ഇന്ത്യൻ സർക്കാർ ഇയാളെ ഭീകരനായി പ്രഖ്യാപിക്കുകയായിരുന്നു.