മനസ്സിന്റെ ചുരങ്ങൾ കണ്ട എഴുത്തുകാരി
ഏതൊരു പ്രതിഭാശാലിയുടെയും സംഭാവനകൾക്ക് മൂന്നുവിധ സ്പർശമുണ്ടാകും. ആത്മസ്പർശം, അനുഗ്രഹസ്പർശം, ജനകീയസ്പർശം. എഴുത്തുകാരാണെങ്കിൽ അവരുടെ ഒരു സാഹിത്യകൃതിയാകും ഏറ്റവുമധികം വാഴ‌്‌ത്തപ്പെടുക. ചിത്രകാരനാണെങ്കിൽ ഒരു ചിത്രമായിരിക്കും മറ്റുള്ളവയെ പിന്നിലാക്കുന്നത്. ആയിരക്കണക്കിന് ഗാനങ്ങൾ ആലപിച്ചാലും ഒരു ഗാനമായിരിക്കും ഓർമ്മയിൽ ആദ്യമെത്തുക. കഴിഞ്ഞ ദിവസം അന്തരിച്ച പി. വത്സല 'നെല്ല്" എന്ന നോവലിലൂടെയാണ് ഏറ്റവുമധികം പ്രശസ്തിയും അംഗീകാരവും നേടിയത്. അതിന് അനുഗ്രഹസ്പർശവും ജനകീയസ്പർശവുമുണ്ടായി എന്നത് സത്യം. എന്നാൽ വയനാടിന്റെ പശ്ചാത്തലത്തിലെഴുതിയ ആഗ്‌നേയം, കൂമൻകൊല്ലി, മലബാർ കലാപ പശ്ചാത്തലത്തിൽ രചിച്ച 'വിലാപം" എന്നിവയാണ് കൂടുതൽ ആത്മസംതൃപ്‌തി നൽകിയതെന്ന് നോവലിസ്റ്റ് തന്നെ പറഞ്ഞിട്ടുണ്ട്. 'നെല്ല്" രാമുകാര്യാട്ട് സിനിമയാക്കിയതോടെ ആ കൃതി കൂടുതൽ ജനകീയമായി.
അരനൂറ്റാണ്ടിനു മുമ്പുള്ള വയനാടൻ പ്രകൃതിയും മനുഷ്യപ്രകൃതിയും വത്സലയുടെ നോവൽത്രയമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നെല്ല്, ആഗ‌്‌നേയം, കൂമൻകൊല്ലി എന്നീ കൃതികളിൽ ദർശിക്കാം. കുടിയേറ്റങ്ങളുടെ ഫലമായി പാർശ്വവത്‌കരിക്കപ്പെടുന്ന സമൂഹത്തിന്റെ മനോവികാരങ്ങളും വ്യഥകളും വ്യത്യസ്തമാണ്. സവർണ ഫ്യൂഡൽ ജന്മിത്തം ആദിവാസികളുടെ ഹൃദയത്തിനുമേൽ അടിച്ചേല്പിക്കുന്ന ദുരിതങ്ങൾ പുറംലോകം അത്രത്തോളം അറിഞ്ഞിരുന്നില്ല. പ്രകൃതിസൗന്ദര്യം ആവോളം ആസ്വദിച്ചു മടങ്ങുന്ന എഴുത്തുകാരായിരുന്നു അധികവും. ഗുരുദേവ ദർശനവും കുമാരനാശാന്റെ കൃതികളും ആഴത്തിൽ ഉൾക്കൊണ്ട വത്സലയെ തിരുനെല്ലി പുതിയൊരു ദൗത്യം ഏല്പിക്കുകയായിരുന്നു.
പരിഷ്‌കൃത ജനതയും സംസ്കാരവും ഭ്രഷ്ടു കല്പിച്ച ആദിവാസി സമൂഹത്തെ അവർ സ്നേഹിച്ചു. അവരുടെ ജീവിതം അടുത്തറിയാൻ തിരുനെല്ലിക്കടുത്തുതന്നെ ഒരു വീടുണ്ടാക്കി. വന്യമൃഗങ്ങളുടെ ശല്യമോ സുഖസൗകര്യങ്ങളുടെ അപര്യാപ്തതയോ അവർ ചിന്തിച്ചില്ല. അടിയാള സ്ത്രീകൾ നേരിടുന്ന ക്രൂരമായ ലൈംഗിക ചൂഷണങ്ങളും ശിക്ഷാമുറകളും വത്സലയെ വേദനിപ്പിച്ചു. ആ നൊമ്പരങ്ങളുടെ തീച്ചൂളയിൽ പല സമയത്ത് പിറന്നവയാണ് അവരുടെ നോവൽത്രയം. അത് വയനാട്ടിലെ ആദിവാസി ജീവിതത്തിൽ വലിയ ചലനങ്ങളുണ്ടാക്കി. പല ക്ഷേമപദ്ധതികളും പ്രഖ്യാപിക്കപ്പെട്ടത് പിന്നീടാണ്.
സ്‌ത്രീപക്ഷ വാദിയായല്ല വത്സല സ്‌ത്രീസമൂഹത്തെയും മനുഷ്യജീവിതത്തെയും കണ്ടത്. അക്കാര്യത്തിൽ അവർ മനുഷ്യഹൃദയപക്ഷത്തായിരുന്നു. സാവിത്രി വാരസ്യാർ, നങ്ങേമ അന്തർജനം, സുനന്ദ, മാധവി, മാര, കുറുമാട്ടി തുടങ്ങിയ സ്‌ത്രീകഥാപാത്രങ്ങൾ എത്ര ശക്തരും വ്യത്യസ്തരുമാണ്. നിഴലുറങ്ങുന്ന ഇരുണ്ട കാനനവഴികളും പച്ചക്കടൽത്തുരുത്തുപോലുള്ള നെല്പാടങ്ങളും പല കൃതികളിലും പകർത്തിയ അവരുടെ പരിസ്ഥിതി സ്നേഹവും ആത്മാർത്ഥമാണ്. നോവൽ, ചെറുകഥകൾ, യാത്രാവിവരണങ്ങൾ തുടങ്ങി വിലപ്പെട്ട സാഹിത്യ സംഭാവനകളാണ് അവരിൽ നിന്ന് മലയാളത്തിനു ലഭിച്ചത്. കേന്ദ്ര, കേരള സാഹിത്യ അക്കാഡമി അവാർഡുകളും എഴുത്തച്ഛൻ പുരസ്കാരമടക്കമുള്ള അംഗീകാരങ്ങളും അവരെ തേടിയെത്തി. ഗൗതമൻ, അരക്കില്ലം, റോസ്‌മേരിയുടെ ആകാശങ്ങൾ, ആരും മരിക്കുന്നില്ല, പാളയം, ചാവേർ, നിഴലുറങ്ങുന്ന വഴികൾ, ആദിജലം എന്നിവയും വായനക്കാരുടെ മനസ്സിൽ പതിഞ്ഞ കൃതികളാണ്.
രണ്ടുവർഷത്തിലേറെയായി മറവി മറയ്ക്കപ്പെട്ട മനസ്സുമായാണ് അവർ ജീവിച്ചത്. അവസാനമായി അവർ സ്വന്തം കൈപ്പടയിലെഴുതിയ 'രാഷ്ട്രപതിയുടെ മരണം" എന്ന ചെറുകഥ കേരളകൗമുദിയുടെ 2021-ലെ ഓണപ്പതിപ്പിൽ ഞങ്ങൾ പ്രത്യേക പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ആ കഥയും അവരുടെ ഈടുറ്റ കൃതികളും പൊതുസമൂഹത്തിൽ അപ്പോൾ ചർച്ചയായി. സംസ്ഥാന സർക്കാർ എഴുത്തച്ഛൻ പുരസ്കാരം നൽകി ആദരിക്കുകയും ചെയ്തു. എക്കാലവും കേരളകൗമുദിയുടെ ഉറ്റബന്ധുവായിരുന്നു പി. വത്സല. അവരുടെ വിയോഗത്തിൽ അനുശോചിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.