മുഖം മിനുക്കാൻ വിഴിഞ്ഞത്തെ ഫിഷ് ലാൻഡിംഗ് സെന്റർ

Thursday 23 November 2023 3:13 AM IST

വിഴിഞ്ഞം: കേരളത്തിന്റെ തലവര മാറ്റുന്ന വിഴിഞ്ഞം തുറമുഖ വികസനത്തിന്റെ ഭാഗമായി വിഴിഞ്ഞത്തെ ഫിഷ് ലാൻഡിംഗ് സെന്ററിന്റെ ആധുനിക വത്കരണത്തിന് പദ്ധതി തയ്യാറായി. കേന്ദ്രത്തിന്റെ 25 കോടി രൂപ ചെലവാക്കി നിർമ്മിക്കുന്ന പദ്ധതിയുടെ രൂപരേഖ സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ് ഹാർബർ എൻജിനിയറിംഗ് വകുപ്പ്.

അംഗീകാരത്തിനായി സ്റ്റേറ്റ് ലെവൽ മോണിറ്ററിംഗ് കമ്മിറ്റി (എസ്.എം.സി) ഈ മാസം കൂടുമെന്നാണ് അധികൃതർ പറയുന്നത്. നിലവിലെ ഫിഷ് ലാൻഡിംഗ് സെന്റർ നവീകരിക്കുന്നതോടൊപ്പം പഴയ വാർഫിനും ഫിഷ് ലാൻഡിംഗ് സെന്ററിനും ഇടയ്ക്കുള്ള 130 മീറ്ററിൽ പുതിയ ഫിംഗർ ജെട്ടികൾ നിർമ്മിക്കും. ഇവിടെയുള്ള രണ്ട് ചെറിയ ജെട്ടികൾ നീളം കൂട്ടുന്നതിന് പുറമേ മൂന്നെണ്ണം കൂടി നിർമ്മിക്കും. 40 മീറ്റർ നീളവും 6 മീറ്റർ വീതിയുമുള്ളതാകും ഫിംഗർ ജെട്ടികൾ. ഇരുവശങ്ങളിലും വള്ളങ്ങൾ അടുപ്പിച്ച് ലോഡിംഗ് നടത്താനാകും. കോസ്റ്റൽ പൊലീസ് സ്റ്റേഷൻ മുതൽ പഴയ വാർഫ് വരെയുള്ള ഭാഗത്ത് മണൽ നിറച്ച ബാഗുകൾ സ്ഥാപിച്ച് ബീച്ച് വീതികൂട്ടും. ഇവിടെ മത്സ്യബന്ധന വള്ളങ്ങൾ കെട്ടാനുള്ള സംവിധാനവുമൊരുക്കും. നിലവിലെ സെന്ററിന് ഭാഗത്തെ കടൽ ഡ്രഡ്‌ജിംഗ് നടത്തി ആഴം കൂട്ടും. ഫിംഗർ ജെട്ടി സ്ഥാപിക്കുന്ന സ്ഥലത്ത് കല്ലടുക്കി വീതി കൂട്ടി ബെയ്സ് നിർമ്മിക്കും.

ആധുനിക സംവിധാനങ്ങൾ

-------------------------------------------

വിഴിഞ്ഞത്തെ ഫിഷ് ലാൻഡിംഗ് സെന്ററിലേക്ക് പോകുന്ന പ്രധാന വഴിയിലും കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ നിന്ന് വരുന്ന ഭാഗത്തും ഗേറ്റ് കോംപ്ലക്സ് സ്ഥാപിക്കും. പ്രധാന കവാടം മുതൽ 700 മീറ്ററോളം ദൂരത്തിൽ നടപ്പാതയോടെ രണ്ടുവരിപ്പാതയാക്കും. റോഡിന് ഇരുവശത്തും രണ്ടുനിലയിൽ ലോക്കർ റൂമുകൾ സ്ഥാപിക്കും. താഴത്തെ നിലയിൽ കടകളും മുകളിൽ ലോക്കർ റൂമുകളുമാണ്. ഗംഗയാർ തോടിന് മറുവശത്ത് ആധുനിക രീതിയിലുള്ള പുതിയ മാർക്കറ്റ് സ്ഥാപിക്കും. ലാൻഡിംഗ് സെന്ററിൽ നിന്ന് പിടിക്കുന്ന മത്സ്യം ഇവിടെ കച്ചവടം നടത്തും. മത്സ്യം കേടാകാതെ സൂക്ഷിക്കാൻ കോൾഡ് സ്റ്റോറേജ് സംവിധാനമൊരുക്കും. ഫിഷ് ലാൻഡിംഗ് സെന്ററും പരിസരവും വൃത്തിയാക്കുന്നതിനായി മോട്ടോർ പമ്പ് സ്ഥാപിക്കും. ഒരേസമയം പമ്പ് ചെയ്‌ത് വൃത്തിയാക്കുന്നതിനായി പ്രത്യേക പൈപ്പ് ലൈനുകളാണ് സ്ഥാപിക്കുക. ചുറ്റുമതിലുകൾ,സി.സി ടി.വി ക്യാമറകൾ തുടങ്ങിയവയും ഉൾപ്പെട്ടിട്ടുണ്ട്.

മത്സ്യത്തൊഴിലാളികൾക്കുള്ള സൗകര്യം

 ലേലപ്പുരകൾ അധുനികരീതിയിൽ

 നിലവിലെ വാട്ടർ ടാങ്കുകൾ വലുതാക്കും.

 വല നന്നാക്കുന്നതിനായി ഒരു നെറ്റ് വെന്റിംഗ് ഷെഡ്

 ടോയ്ലെറ്റുകൾ നിർമ്മിക്കും

 സെന്ററും പരിസരവും പൂന്തോട്ടം നിർമ്മിച്ച് സൗന്ദര്യവത്കരിക്കും.

 പുതിയ കെട്ടിടങ്ങൾക്കും റോഡിനിരുവശത്തും ഡ്രെയിനേജ് സൗകര്യം