നടൻ മുറിയിലേക്ക് വിളിച്ചു ; അതോടെ കരിയർ നശിച്ചെന്ന് ‌ വിചിത്ര

Thursday 23 November 2023 6:00 AM IST

തെന്നിന്ത്യൻ ഭാഷകളിൽ നിറഞ്ഞുനിന്ന നടി വിചിത്ര തനിക്ക് നേരിട്ട കാസ്റ്രിംഗ് കൗച്ച് വെളിപ്പെടുത്തി രംഗത്ത്. പ്രശസ്തനായ തെലുങ്ക് സൂപ്പർ നടനിൽനിന്ന് നേരിട്ട ദുരനുഭവം കൊണ്ടാണ് ഇരുപതുവർഷം മുമ്പ് അഭിനയരംഗം വിട്ടതെന്നും മടങ്ങി വരവിന് ഒരുങ്ങുകയാണെന്നും വിചിത്ര പറഞ്ഞു. മലമ്പുഴയിലായിരുന്നു ചിത്രീകരണം. ആദ്യദിനം ഒരു പാർട്ടിക്കിടെ പ്രധാന നടൻ ഇതിൽ അഭിനയിക്കുന്നുണ്ടോ എന്ന് ചോദിച്ചു മുറിയിലേക്ക് വരാൻ ആവശ്യപ്പെട്ടു.

എന്റെ പേരുപോലും ചോദിച്ചില്ല. അത് ശരിക്കും ഷോക്കിംഗ് ആയിരുന്നു. ഞാൻ പോയില്ല. അടുത്ത ദിവസം മുതൽ ലൊക്കേഷനിൽ എനിക്ക് ഉപദ്രവമായിരുന്നു. നിരന്തരം മുറിയുടെ വാതിലിൽ മുട്ടലുകൾ. എന്റെ കഷ്ടപ്പാട് കണ്ട് ഭാവി ഭർത്താവായ ഹോട്ടൽ മാനേജർ മറ്റൊരു മുറി തരപ്പെടുത്തിത്തന്നു. ചിത്രത്തിനുവേണ്ടി ഒരു സംഘട്ടനരംഗം ചിത്രീകരിക്കുമ്പോൾ ആദിവാസികളായ ഞങ്ങളെ ഒരുകൂട്ടം ഉപദ്രവിക്കുന്ന രംഗമുണ്ട്. അതിൽ ഒരാൾ എന്നെ മോശമായി സ്പർശിച്ചു. ഇയാളെ പിടികൂടി സ്റ്റണ്ട് മാസ്റ്ററുടെ അടുത്ത് എത്തിച്ചപ്പോൾ സ്റ്റണ്ട് മാസ്റ്റർ മുഴുവൻ സെറ്റിനുമുന്നിൽവച്ച് എന്നെ തല്ലി. യൂണിയനിൽ പരാതി നൽകിയപ്പോൾ ഒരു സഹകരണവും ലഭിച്ചില്ല. ഇത്തരം മോശം അനുഭവങ്ങളാണ് സിനിമാരംഗം ഉപേക്ഷിക്കാൻ കാരണം. വിചിത്ര പറഞ്ഞു. തെന്നിന്ത്യയിൽ 100 ലേറെ ചിത്രങ്ങളിൽ ഗ്ളാമർ വേഷങ്ങൾ അവതരിപ്പിച്ച വിചിത്ര മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. അതേസമയം വിചിത്ര പറഞ്ഞ ചിത്രം 2000 ൽ പുറത്തിറങ്ങിയ ദലേവാദി വി ബന്ധു എന്ന ബാലകൃഷ്ണ ചിത്രമാണെന്ന് സോഷ്യൽ മീഡിയ കണ്ടെത്തുന്നു.