നാലാം ക്ലാസില്‍ ഒതുക്കിയ പഠനം പുനരാരംഭിച്ച് ഇന്ദ്രന്‍സ്, പത്താം ക്ലാസ് തുല്യതാ പഠനത്തിന് ചേര്‍ന്ന് നടന്‍

Thursday 23 November 2023 10:52 AM IST

തിരുവനന്തപുരം: പഠനത്തിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് നടന്‍ ഇന്ദ്രന്‍സ്. ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ യോഗ്യതയോര്‍ത്ത് വിഷമം വന്നിട്ടുള്ളതിനാലാണ് ഇപ്പോള്‍ പത്താം ക്ലാസ് തുല്യതാ പഠനത്തിന് ചേരാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹൈസ്‌കൂളിലാണ് എല്ലാ ഞായറാഴ്ചയുമുള്ള ക്ലാസിന് ചേര്‍ന്നിരിക്കുന്നത്. പത്ത് മാസത്തിന് ശേഷം പരീക്ഷ നടക്കും. തുല്യതാ സര്‍ട്ടിഫിക്കറ്റിന് മറ്റേത് നേട്ടത്തേക്കാളും തിളക്കമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ചെറുപ്പക്കാലത്ത് കൊടിയ ദാരിദ്ര്യം അനുഭവിച്ചിരുന്നതിനാല്‍ നാലാം ക്ലാസില്‍ പഠനം അവസാനിപ്പിച്ചു. വിശപ്പും മറ്റ് പ്രയാസങ്ങളും സഹിച്ചതിനേക്കാള്‍ ബുദ്ധിമുട്ടിയത് കിട്ടാക്കനിയായ പുസ്തകങ്ങളേക്കുറിച്ചോര്‍ത്താണ്. വലിയ അംഗീകാരം കിട്ടയപ്പോഴും വിദ്യാഭ്യാസയോഗ്യതയെക്കുറിച്ച് ഓര്‍ത്ത് കുറ്റബോധം തോന്നിയിരുന്നു. സ്വയം സമാധാനിപ്പിക്കാനെങ്കിലും ഇപ്പോള്‍ പഠിക്കണമെന്ന് തോന്നിയെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

കുമാരപുരത്തെ ഗവണ്‍മെന്റ് യുപി സ്‌കൂളിലാണ് നാലാം ക്ലാസ് വരെ ഇന്ദ്രന്‍സ് പഠിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസം അന്ന് അവിടെ അവസാനിപ്പിച്ചെങ്കിലും വായനാശീലമുണ്ടായിരുന്നുവെന്നും ജീവിതത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയുണ്ടാക്കിയത് വായനയാണെന്നും താരം പറയുന്നു.

വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നത് വിനയം സംസ്‌കാരം എന്നിവയാണ്. അത് ആവോളമുള്ളയാള്‍ക്ക് ഒരു പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ് പ്രധാനമാണോ എന്ന് ചോദിച്ചാല്‍ വിദ്യാഭ്യാസമെന്നാല്‍ കാഴ്ചയെന്നാണെന്നും അതില്ലാത്തത് കാഴ്ചയില്ലാത്തതിന് തുല്യമാണെന്നുമാണ് ഇന്ദ്രന്‍സിന്റെ മറുപടി.