വില്ല നിർമിച്ചു നൽകാമെന്ന പേരിൽ 18 ലക്ഷം രൂപയുടെ തട്ടിപ്പ്, ക്രിക്കറ്റ് താരം ശ്രീശാന്ത് ഉൾപ്പടെ മൂന്ന് പേർക്കെതിരെ കേസ്

Thursday 23 November 2023 12:14 PM IST

കണ്ണൂർ: കർണാടകയിലെ ഉടുപ്പിയിൽ വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞ് 18 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പേരിൽ ക്രിക്കറ്റ് താരം ശ്രീശാന്ത് ഉൾപ്പടെയുളളവർക്കെതിരെ കേസ്. കണ്ണപുരം സ്വദേശി ബാലഗോപാലിന്റെ പരാതിയിൽ കോടതിയുടെ നിർദ്ദേശ പ്രകാരമാണ് ടൗൺ പൊലീസ് കേസ് എടുത്തത്.

2019ൽ കൊല്ലൂരിൽ വച്ച് പരിചയപ്പെട്ട രാജീവ് കുമാർ, വെങ്കിടേഷ് കിനി എന്നിവർ ചേർന്നാണ് പണം വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു. അഞ്ച് സെന്റ് ഭൂമിയും അതിലൊരു വില്ലയും നൽകാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. വില്ല ലഭിക്കാതായപ്പോൾ, പറഞ്ഞ സ്ഥലത്ത് ശ്രീശാന്തിന് ക്രിക്കറ്റ് പ്രോജക്ട് തുടങ്ങുകയാണെന്നായിരുന്നു മറുപടി. പിന്നീട് ശ്രീശാന്ത് തന്നെ പരാതിക്കാരനെ നേരിട്ട് കാണുകയായിരുന്നു, തന്റെ പ്രോജക്ടിന്റെ ഭാഗമായി ഒരു വില്ല നൽകാമെന്നു വാഗ്ദ്ധാനം ചെയ്തെന്നും പരാതിയിൽ പറയുന്നു.

നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന് ഹർജി നൽകിയതെന്ന് പരാതിക്കാരൻ പറഞ്ഞു.അതേസമയം, പരാതി വ്യാജമാണെന്നും പണം വാങ്ങിയിട്ടില്ലെന്നും ശ്രീശാന്തിന്റെ അഭിഭാഷകൻ പ്രതികരിച്ചു.