വലിയ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിയുന്ന സ്ഥലം; മട്ടന്നൂരിലേത് ചെറിയ പരിപാടിയെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി
കല്‍പ്പറ്റ: നവകേരള സദസ്സിന്റെ മട്ടന്നൂര്‍ മണ്ഡലത്തിലെ പരിപാടിയെക്കുറിച്ചുള്ള നിലപാട് മാറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍. മട്ടന്നൂരിലേത് ചെറിയ പരിപാടിയായിപ്പോയെന്ന് താന്‍ പറഞ്ഞിട്ടില്ല. കേരളത്തില്‍ വലിയ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിയുന്ന സ്ഥലമാണ് മട്ടന്നൂരെന്നും ആ നിലയ്ക്കുള്ള ആള്‍ക്കൂട്ടം അവിടെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വയനാട് കല്‍പ്പറ്റയിലെ നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാദ്ധ്യമങ്ങളെ വിമര്‍ശിച്ച മുഖ്യമന്ത്രി ചില പഴയ സ്വഭാവം മാധ്യമങ്ങള്‍ പുറത്തെടുക്കുന്നുവെന്ന് പ്രസംഗത്തില്‍ പറഞ്ഞു. ചില ആലോചനകളുടെ ഭാഗമായി നിന്നുകൊണ്ട് വാര്‍ത്തകള്‍ കൊടുക്കുന്ന ഒരു സ്വഭാവം. അതിന് ഞാന്‍ പണ്ട് നല്‍കിയ ഒരു പേരുണ്ട്, അത് ഇപ്പോള്‍ വിളിക്കുന്നില്ല. മട്ടന്നൂരിലെ സംഭവങ്ങളെ കുറിച്ച് വാര്‍ത്ത വന്നതുകൊണ്ട് ഞാന്‍ ഒരു കാര്യം ആവര്‍ത്തിച്ച് പറയുകയാണ്, വലിയ പരിപാടി ആയിരുന്നു മട്ടന്നൂരിലേത്- മുഖ്യമന്ത്രി പറഞ്ഞു.
മട്ടന്നൂരിലേത് അത്ര വലിയ ഒരു പരിപാടിയായി തനിക്ക് തോന്നുന്നില്ലെന്ന് കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. മട്ടന്നൂര്‍ നഗരസഭാ മുന്‍ ചെയര്‍മാനും കെകെ ശൈലജയുടെ ഭര്‍ത്താവുമായ ഭാസ്‌കരന്‍ മാഷ് സൗഹൃദ സംഭാഷണത്തിനിടെ പരിപാടി എങ്ങനെയുണ്ടെന്ന് ചോദിച്ചുവെന്നും വലിയ പരിപാടിയാണെന്ന് മറുപടി പറയുമെന്ന് പ്രതീക്ഷിച്ചായിരിക്കാം അദ്ദേഹം അങ്ങനെ ചോദിച്ചതെന്നും പിണറായി പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍ വലിയ പരിപാടികള്‍ ഒരുപാട് കണ്ടിട്ടുള്ളതുകൊണ്ട് തന്നെ മട്ടന്നൂരിലേത് വലിയ പരിപാടിയായി തോന്നിയില്ലെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസത്തെ പ്രസംഗത്തില്‍ പറഞ്ഞത്.