'മാത്യു ദേവസിയാകാൻ മലയാള സിനിമയിൽ മറ്റൊരു നടനും ധൈര്യം കാണിക്കില്ല'; നിറകണ്ണുകളോടെ 'കാതൽ' കണ്ടിറങ്ങി പ്രേക്ഷകർ

Thursday 23 November 2023 4:43 PM IST

പല രാജ്യങ്ങളിലുമുള്ള വിലക്കിനെ മറികടന്ന് അതിഗംഭീര റിപ്പോർട്ടുകൾ നേടി മമ്മൂട്ടി ചിത്രം 'കാതൽ'. ആദ്യ പ്രദർശനം പൂർത്തിയായപ്പോൾ നിറകണ്ണുകളോടെയാണ് പ്രേക്ഷകർ അഭിപ്രായങ്ങൾ പങ്കുവച്ചത്. വൈകാരികമായി മറ്റൊരു തലത്തിലെത്തിക്കുമെന്നാണ് കണ്ടിറങ്ങിയവർ പറയുന്നത്.

മമ്മൂട്ടി, ജ്യോതിക ഉൾപ്പെടെ സിനിമയിലെ ഓരോ കഥാപാത്രങ്ങളും അഭിനയിക്കുകയാണോ ജീവിക്കുകയാണോ എന്നുപോലും തോന്നുംവിധം ഗംഭീരപ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. മാത്യു ദേവസി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഇന്ത്യൻ സിനിമയിൽ ധൈര്യമുണ്ടെങ്കിൽ അത് മമ്മൂട്ടിക്ക് മാത്രമായിരിക്കും എന്നാണ് പ്രേക്ഷകർ പറയുന്നത്. ഭാഷയുടെ പരിമിതികൾ ഉണ്ടെങ്കിൽ പോലും ലിപ് മൂവ്‌മെന്റുകളെല്ലാം ജ്യോതിക വളരെ പെർഫക്‌റ്റായിട്ടാണ് ചെയ്തിരിക്കുന്നത്.

ചിത്രത്തിന്റെ ഓരോ സീനുകളും അതിമനോഹരമാണ്. ഉദ്ദേശിച്ച കാര്യം വളരെ വൃത്തിയായി കാഴ്ചക്കാരിലേയ്‌ക്ക് എത്തിക്കാൻ ജിയോ ബേബിക്ക് കഴിഞ്ഞു. വ്യത്യസ്തമായ പ്രമേയം കണ്ടിറങ്ങുന്ന ഓരോരുത്തരിലും സ്വാധീനം ചെലുത്തുമെന്നത് ഉറപ്പാണ്. സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്നതും എന്നാൽ പലരും പറയാൻ മടിക്കുന്നതുമായ കാര്യമാണ് ചിത്രത്തിലൂടെ സംവിധായകൻ ജിയോ ബേബി വരച്ചുകാട്ടുന്നത്. മനസ് തുറന്ന് സംസാരിക്കുന്നതിന് കുടുംബ ജീവിതത്തിൽ എത്രയേറെ പ്രാധാന്യമുണ്ടെന്നും ചിത്രം മനസിലാക്കി തരുന്നുണ്ട്. ഓരോ ഡയലോഗും കേട്ടിരിക്കുന്നവരുടെ മനസിൽ ആഴത്തിൽ പതിയുന്നവയാണ്.

പ്രായഭേദമില്ലാതെ എല്ലാവരും കാണേണ്ട ചിത്രമാണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ജിയോ ബേബിയുടെ 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' പോലെ ഒരുപാട് പ്രേക്ഷകർക്ക് ധൈര്യം പകരാൻ കാതലിനും സാധിക്കും. ചിത്രത്തിന്റെ ക്ലൈമാക്‌സിൽ നിന്ന് മുക്തരാകാൻ കണ്ടിറങ്ങിയ പലർക്കും സാധിച്ചിരുന്നില്ല.

'ചില രാജ്യങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയതിൽ വിഷമമുണ്ട്. അങ്ങനെയുള്ള രാജ്യങ്ങളുടെ നിയമങ്ങളിൽ പ്രതിഷേധമുണ്ട്. ഇങ്ങനെയുള്ള നിയമങ്ങളെല്ലാം മാറണമെന്നാണ് ആഗ്രഹം. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരെല്ലാം വളരെ നല്ല അഭിപ്രായമാണ് പറയുന്നത്. എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. ഇങ്ങിനെ ഒരു ചിത്രം ചെയ്തതിൽ മമ്മൂട്ടി കമ്പനിയോടും നന്ദി പറയുന്നു. പല രാജ്യങ്ങളിലും കാണിക്കില്ല എന്ന് പറയുന്ന സിനിമ നിർമിക്കുക എന്നത് വലിയ കാര്യമാണ്. ഇതിനെപ്പറ്റി ബാക്കി പറയേണ്ടത് പ്രേക്ഷകരാണ്.' - സംവിധായകൻ ജിയോ ബേബി പറഞ്ഞു.

12 വർഷത്തിനുശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാതൽ. മമ്മൂട്ടിയുടെ നായികയായി ആദ്യമായാണ് തെന്നിന്ത്യൻ സുന്ദരി ജ്യോതിക അഭിനയിക്കുന്നത്. ഖത്തർ, കുവെെറ്റ് എന്നീ രാജ്യങ്ങളിൽ ചിത്രം ബാൻ ചെയ്തു. കാതലിന്റെ ഉള്ളടക്കമാണ് വിലക്കിന് കാരണമെന്നാണ് റിപ്പോർട്ട്. സിനിമയിൽ മമ്മൂട്ടി അഭിനയിക്കുന്ന കഥാപാത്രം സ്വവർഗാനുരാഗിയുടെതാണെന്ന് മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു.

കണ്ണൂർ സ്‌ക്വാഡിന് ശേഷം റിലീസായ മമ്മൂട്ടി ചിത്രമാണ് കാതൽ. ലാലു അലക്സ്, മുത്തുമണി, ചിന്നുചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് ചിത്രത്തിലെ മ​റ്റു താരങ്ങൾ. ഛായാഗ്രഹണം സാലു കെ തോമസ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി ആണ് നിർമ്മാണം. ആദർശ് സുകുമാരനും പോൾസൻ സ്‌കറിയയും ചേർന്നാണ് രചന. വേഫെറെർ ഫിലിംസ് ആണ് വിതരണം.

Advertisement
Advertisement