നിർമ്മാണ രംഗത്തേക്ക് അൻജന - വാർസ്

Friday 24 November 2023 6:00 AM IST

ദൃശ്യമുദ്ര മോഹൻലാൽ പ്രകാശനം ചെയ്തു

മിന്നൽ മുരളി, ആർഡിഎക്സ് എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകളുടെ സഹനിർമ്മാതാവ് അൻജന ഫിലിപ്പും ചലച്ചിത്ര- പരസ്യ സംവിധായകനും ബ്രാൻഡ് സ്ട്രാറ്റജിസ്റ്റുമായ വി.എ ശ്രീകുമാറും സംയുക്തമായി സിനിമാ നിർമ്മാണ രംഗത്തേക്ക്. സംയുക്ത സിനിമാ സംരംഭത്തിന്റെ ദൃശ്യ മുദ്ര മോഹൻലാൽ പ്രകാശനം ചെയ്തു. ആദ്യ സിനിമ ജനുവരിയിൽ പാലക്കാട് ചിത്രീകരണം ആരംഭിക്കും. കാമ്പും കാതലുമള്ള ഉള്ളടക്കം കണ്ടെത്തി ചലച്ചിത്ര മാധ്യമത്തിൽ ആവിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അൻജന ടാക്കീസും വാർസ് സ്റ്റുഡിയോയും ഒന്നിക്കുന്നത്. ആറ് പ്രൊജക്ടുകളുടെ രചനാ ജോലികൾ പൂർത്തിയായി വരുന്നു. എഴുത്തുകാരായ എസ്. ഹരീഷ്, സി.പി സുരേന്ദ്രൻ, ലാസർ ഷൈൻ, വിനോയി തോമസ്, വി. ഷിനിലാൽ, അബിൻ ജോസഫ് തുടങ്ങിയവരുടെ രചനയിലാണ് സിനിമകൾ. എസ്.ഹരീഷിന്റെ കഥയാണ് ആദ്യ ചലച്ചിത്രമാകുന്നത്. പ്രേം ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ഹാസ്യ പ്രമേയമാണ് . ക്രിയേറ്റീവ് ഡയറക്ടറും പരസ്യചിത്ര സംവിധായകനുമായ പ്രേം ശങ്കറിന്റെ രണ്ടാമത്തെ സിനിമയാണിത്. മറ്റു ചിത്രങ്ങളുടെ പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. പി.ആർ.ഒ പി.ശിവപ്രസാദ്.