ഗവർണർമാരോട് സുപ്രീംകോടതി , ബിൽ പിടിച്ചുവയ്ക്കൽ അനുവദിക്കില്ല

Friday 24 November 2023 4:25 AM IST

ന്യൂഡൽഹി : നിയമസഭ പാസാക്കിയ ബില്ലിന് അംഗീകാരം നൽകാൻ കഴിയില്ലെങ്കിൽ ഗവർണർ തിരികെ അയയ്ക്കണമെന്നും, നിയമസഭയുടെ പ്രവർത്തനത്തെ തടസപ്പെടുത്താനാവില്ലെന്നും സുപ്രീംകോടതി. ബിൽ നിയമസഭ വീണ്ടും പരിഗണിച്ച് തിരിച്ചയച്ചാൽ ഒപ്പിട്ടിരിക്കണം.

ഭരണഘടനയിലെ അനുച്ഛേദം 200 പ്രകാരം ബില്ലുകളിൽ മൂന്നു നടപടികൾ മാത്രമാണ് ഗവർണർക്ക് കഴിയുക. ബിൽ അംഗീകരിക്കലോ കൈവശം വയ്ക്കലോ,​ ബിൽ തിരിച്ചയയ്ക്കൽ,​ രാഷ്ട്രപതിക്ക് അയക്കൽ. ഇതിൽ ബിൽ കൈവശം വയ്ക്കുന്നതിലാണ് കോടതി വ്യക്തത വരുത്തിയത്. പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിതിനെതിരെ ഭഗവന്ത് മൻ സർക്കാർ സമർപ്പിച്ച ഹർജിയിലാണ് വിധി. നവംബർ 10ന് പരിഗണിച്ച ഹർജിയിലെ വിശദമായ വിധി ഇന്നലെ സുപ്രീംകോടതി വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തു.

ബില്ലിൽ പുനഃപരിശോധന ആവശ്യമുള്ള കാര്യങ്ങൾ ഗവർണർക്ക് ചൂണ്ടിക്കാട്ടാം. അടയിരിക്കുന്നത് നിയമസഭയുടെ പ്രവർത്തനത്തെ വീറ്റോ ചെയ്യുന്നതിന് തുല്യമാണ്. ഭരണഘടനാ ജനാധിപത്യ തത്വങ്ങൾക്ക് എതിരും പാർലമെന്ററി ക്രമത്തിന് വിരുദ്ധവുമാണ്.

ഗവർണർ പ്രതീകാത്മക

തലവൻ മാത്രം

ഗവർണർ ജനങ്ങൾ തിരഞ്ഞെടുത്ത ഭരണത്തലവനല്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ച് സംശയത്തിനിടയില്ലാതെ വ്യക്തമാക്കി. ചില ഭരണഘടനാ അധികാരങ്ങൾ ആ പദവിക്കുണ്ട്. എന്നാൽ, നിയമസഭകളുടെ നിയമനിർമാണത്തിന്റെ ഗതി തടസപ്പെടുത്താൻ ഈ അധികാരങ്ങൾ ഉപയോഗിക്കാൻ കഴിയില്ലെന്നും മുന്നറിയിപ്പ് നൽകി. ജനാധിപത്യത്തിലെ പാർലമെന്ററി വ്യവസ്ഥയിൽ ജനപ്രതിനിധികൾക്കാണ് യഥാർത്ഥ അധികാരം

കേരള ഗവർണർ - സർക്കാർ

അങ്കം ഇന്ന് കോടതിയിൽ

​ ​ആ​രി​ഫ് മുഹ​മ്മ​ദ് ​ഖാ​നെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ച് ഇന്ന് പരിഗണിക്കും. ബില്ലുകളിൽ ഉടൻ തീരുമാനമെടുക്കാൻ ​ഗ​വ​ർ​ണ​ർക്ക് നിർദ്ദേശം നൽകണമെന്നാണ് സർക്കാരിന്റെ ആവശ്യം. വിവാദം ആരംഭിച്ചശേഷം ആദ്യമായി ഗവർണറും സർക്കാരും പരമോന്നത കോടതിയിൽ നേർക്കുനേർ ഏറ്രുമുട്ടുന്ന സാഹചര്യമാണ്. ഗവർണറുടെ ഓഫീസിന് വേണ്ടി അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയും, സർക്കാരിനായി മുൻ അറ്റോർണി ജനറലും മലയാളിയുമായ കെ.കെ. വേണുഗോപാലും ഹാജരാകും.

ബില്ലുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി വിശദീകരിക്കണമെന്ന നിലപാടിൽ ഗവർണർ ഉറച്ചുനിൽക്കുന്നു. ബില്ലുകൾ നിയമപരമാണോയെന്ന സംശയവും കോടതിയിൽ ഉന്നയിക്കും. സർക്കാരുമായി നടത്തിയ കത്തിടപാടുകളും ചൂണ്ടിക്കാട്ടും.

സുപ്രീംകോടതിയുടെ നോട്ടീസ് എനിക്കല്ല. ഒപ്പിടാൻ പറയുന്നതിൽ പണബില്ലുകളുണ്ട്. അവ അവതരിപ്പിക്കും മുൻപ് ഗവർണറുടെ അനുമതി വേണം. കോടതി നിർദ്ദേശങ്ങൾക്ക് വിരുദ്ധമായ ബില്ലുകളാണ് പലതും

- ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ