വരുന്ന നാല് ദിവസങ്ങൾക്കകം 50 ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ്; ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ

Friday 24 November 2023 11:29 AM IST

ടെൽഅവീവ്: ഇസ്രയേൽ - ഹമാസ് യുദ്ധത്തിനൊടുവിൽ വെടിനിർത്തലിന് തീരുമാനമായി. കഴിഞ്ഞ ഒന്നര മാസത്തിൽ കൂടുതലായി തുടരുന്ന ഏറ്റുമുട്ടലിനൊടുവിൽ നാല് ദിവസത്തെ വെടിനിർത്തലിനാണ് ഖത്തറിന്റെ മദ്ധ്യസ്ഥതയിൽ നടന്ന യോഗത്തിൽ തീരുമാനമെടുത്തത്. യോഗത്തിൽ ഇസ്രയേലും ഹമാസും വെടിനിർത്തലിന് സമ്മതം മൂളുകയായിരുന്നു.

ആദ്യഘട്ടത്തിൽ ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്ന 13 പേരെയാണ് മോചിപ്പിക്കും. ഇന്ന് പ്രാദേശിക സമയം രാവിലെ ഏഴ് മണി മുതലാണ് വെടിനിർത്തൽ ആരംഭിച്ചത്. അതേസമയം, വെടിനിർത്തൽ ആരംഭിക്കുന്നതിന് മണിക്കൂറുകൾ മുൻപ് ഗാസയിലെ ആശുപത്രിയിൽ ഇസ്രയേൽ ബോംബിട്ടു. ഇന്ന് വൈകുന്നേരം നാല് മണിയോടുകൂടി ബന്ദികളാക്കിയവരെ കൈമാറുമെന്നാണ് ലഭിക്കുന്ന വിവരം. വരുന്ന നാല് ദിവസങ്ങൾക്കുളളിൽ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കുക.

ഇസ്രയേൽ ജയിലിൽ കഴിയുന്ന പാലസ്തീനികളെയും വിട്ടുനൽകുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി അറിയിച്ചു. ഹമാസ് ബന്ദികളെ പാർപ്പിച്ചിരിക്കുന്ന സങ്കേതങ്ങൾ അന്താരാഷ്ട്ര റെഡ്‌ക്രോസ് കമ്മിറ്റി സന്ദർശിക്കണമെന്ന് നിർദിഷ്ട വെടിനിർത്തൽ കരാറിൽ പറയുന്നുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

ഖത്തറിന്റെ നേതൃത്വത്തിൽ ഈജിപ്റ്റും അമേരിക്കയും സഹകരിച്ചാണ് 48 ദിവസം പിന്നിട്ട യുദ്ധത്തിനൊടുവിൽ വെടിനിറുത്തലിനും ബന്ദികളുടെ മോചനത്തിനും വഴിയൊരുക്കിയത്. ഇന്നലെ രാത്രി എട്ട് വരെ വെടിനിറുത്തലിനെ കുറിച്ച് ഇസ്രയേലും ഹമാസും ആശയക്കുഴപ്പം നിലനിന്നിരുന്നു. പിന്നീടാണ് തീരുമാനമായത്. മോചിപ്പിക്കേണ്ട ബന്ദികളെ സംബന്ധിച്ച ആശയക്കുഴപ്പമാണ് വെടിനിറുത്തൽ തീരുമാനം വൈകാൻ കാരണമായത്.

ഹമാസും ഇസ്രയേലും 3:1 അനുപാതത്തിൽ ബന്ദികളെ മോചിപ്പിക്കണമെന്നാണ് കരാർ. ഇതനുസരിച്ച് ആദ്യം ഹമാസ് 50ഉം ഇസ്രയേൽ 150ഉം ബന്ദികളെ മോചിപ്പിക്കും. സ്ത്രീകളെയും 18വയസിൽ താഴെയുള്ള കുട്ടികളെയുമായിരിക്കും ആദ്യം മോചിപ്പിക്കുക.

Advertisement
Advertisement